തീരമൈത്രി പദ്ധതി; വിവിധ സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

news image
Jul 19, 2023, 12:16 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയില്‍ വിവിധ സംരംഭങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മതൊഴില്‍ സംരംഭങ്ങളുടെ യൂനിറ്റ്, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് എന്നിവ തുടങ്ങുന്നതിന് എഫ്.എഫ്.ആറില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം.

സൂക്ഷ്മതൊഴില്‍ സംരംഭങ്ങളുടെ യൂനിറ്റില്‍ രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതിയിലൂടെ ഗ്രാന്റായി ലഭിക്കും. ഡ്രൈഫിഷ് യൂനിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, ഫുഡ് പ്രോസസിങ് എന്നീ യൂനിറ്റുകള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. 20നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പില്‍ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50,000 രൂപ പലിശരഹിത വായ്പയായി ലഭിക്കും. മത്സ്യക്കച്ചവടം, ഉണക്കമീന്‍ കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യതൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഇതില്‍ അപേക്ഷിക്കാം. പ്രായപരിധിയില്ല.

അപേക്ഷഫോറം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സാഫ് നോഡല്‍ ഓഫീസ്, ജില്ലയിലെ വിവിധമത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ സ്വീകരിക്കും. അവസാന തിയതി ആഗസ്റ്റ് 10 കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 9895332871

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe