തമിഴ്നാട്ടിലെ റെയ്ഡ്: ജോലി എളുപ്പമാക്കിയെന്ന് സ്റ്റാലിൻ, വിരട്ടാൻ നോക്കേണ്ടെന്നും ഇഡി രാജെന്നും കോൺഗ്രസ്

news image
Jul 17, 2023, 8:19 am GMT+0000 payyolionline.in

ബെംഗളൂരു: മന്ത്രി കെ പൊന്മുടിയുടെ ഔദ്യോഗിക വസതിയിലടക്കം എൻഫോഴ്സ്മെന്റ് വിഭാഗം നടത്തുന്ന റെയ്ഡിനെ വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനും കോൺഗ്രസ് നേതാക്കളും രംഗത്ത്. ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനെത്തിയതായിരുന്നു എംകെ സ്റ്റാലിൻ. പ്രതിപക്ഷ യോഗത്തെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ റെയ്ഡിനെതിരായ വിമർശനം. തമിഴ്നാട് പിസിസിയും റെയ്ഡിനെ വിമർശിച്ച് രംഗത്ത് വന്നു.

തമിഴ്നാട്ടിൽ ഗവർണർ ഡിഎംകെയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്ന് പരിഹസിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇഡി തങ്ങളുടെ ജോലി എളുപ്പമാക്കിയെന്നും പ്രതികരിച്ചു. പ്രതിപക്ഷം ഐക്യം തകർക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമം. ഡിഎംകെയ്ക്ക് ഇതിനെ നേരിടാൻ അറിയാം. ഒന്നിനെയും ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡി റെയ്ഡിനെതിരെ രംഗത്ത് വന്ന തമിഴ്നാട് പിസിസി അധ്യക്ഷൻ കെഎസ് അഴഗിരി വിരട്ടിയാൽ പേടിക്കില്ലെന്നും ഇഡി നടപടികൾ ബിജെപിയെ ദുർബലപ്പെടുത്തുമെന്നും പ്രതികരിച്ചു. രാജ്യത്ത് ഇഡി രാജാണ് നടക്കുന്നതെന്ന് ബെംഗളൂരുവിൽ വാർത്താ സമ്മേളനം നടത്തിയ കോൺഗ്രസ് നേതാക്കൾ കെസി വേണുഗോപാലും ജയ്റാം രമേശും വിമർശിച്ചു.

നാളത്തെ പ്രതിപക്ഷ യോഗം നിർണായകമാണെന്ന് ജയ്റാം രമേശ് പറഞ്ഞു. പാറ്റ്ന യോഗത്തിന്റെ തുടർച്ചയാണ് നാളത്തെ യോഗം. 26 പാർട്ടികൾ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം ഉറപ്പാക്കാനും ജനാധിപത്യ സ്ഥാപനങ്ങൾ സംരക്ഷിക്കാനുമാണ് പ്രതിപക്ഷ ഐക്യമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. രാഹുലിന്റെ അയോഗ്യത, മഹാരാഷ്ട്രയിലെ അട്ടിമറി, തമിഴ്നാട്ടിലടക്കമുള്ള റെയ്‌ഡുകളും ജനാധിപത്യത്തെ തകർക്കുന്നതാണ്. മണിപ്പൂർ കത്തുമ്പോഴും സർക്കാർ ഒരു നടപടിയും എടുത്തില്ല. പ്രധാനമന്ത്രി മോദി നിശബ്ദനാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe