ന്യൂഡല്‍ഹി: ക്രമസമാധാനപാലനം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണെന്നും കോടതിക്ക് ഏറ്റെടുക്കാനാവില്ലെന്നും സുപ്രീംകോടതി. കോടതി നടപടിക്രമങ്ങള്‍ മൂലം അക്രമവും മറ്റു പ്രശ്നങ്ങളും വളരാൻ പാടില്ല. സുരക്ഷയും ക്രമസമാധാനവും കോടതിയുടെ ഉത്തരവാദിത്തമല്ല. ആ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോടതിക്ക് പരിമിതികളുണ്ട്. അതേസമയം ഇതൊരു മാനുഷിക പ്രശ്നമാണ്. ഈ വശങ്ങൾ മുൻനിർത്തി മണിപ്പൂർ വിഷയം പരിശോധിക്കും -കോടതി വ്യക്തമാക്കി.
മണിപ്പൂര്‍ സംഘര്‍ഷം തടയുന്നതിന് സേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂര്‍ ട്രൈബല്‍ ഫോറവും മറ്റും നൽകിയ ഹരജികൾ പരിശോധിക്കുമ്പോൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിലപാട് സ്വീകരിച്ചത്. ഹരജികളിൽ ചൊവ്വാഴ്ച കോടതി വാദം കേൾക്കും.
മണിപ്പൂരിലെ സ്ഥിതിഗതികളും സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാറുകള്‍ നടത്തുന്ന ശ്രമങ്ങളും വിശദീകരിക്കുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ സമര്‍പ്പിച്ചു.
സുരക്ഷ, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകാനുണ്ടെങ്കിൽ സ്വീകരിക്കാമെന്ന് കക്ഷികളെ കോടതി അറിയിച്ചു.
സംസ്ഥാനത്തെ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മെയ്തേയി -കുക്കി വിഭാഗങ്ങളുടെ അഭിഭാഷകർ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട കോടതി, പൊലീസ് സ്റ്റേഷനുകളില്‍നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് മണിപ്പൂര്‍ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
142 പേര് കൊല്ലപ്പെട്ടെന്ന് സർക്കാർ
ന്യൂഡൽഹി: സംസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ 142 പേര് കൊല്ലപ്പെട്ടതായി മണിപ്പൂര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ 5,995 കേസുകൾ രജിസ്റ്റര്‍ ചെയ്തതായും 6,745 പേരെ കസ്റ്റഡിയിലെടുത്തതായും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമര്‍പ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നു.
ആറ് കേസുകള്‍ സി.ബി.ഐക്ക് കൈമാറി. സുരക്ഷ ക്രമീകരണങ്ങള്‍ പ്രതിദിനം അവലോകനം ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യവും നേരിടാനുള്ള നടപടിക്രമം തയാറാക്കിയിട്ടുണ്ട്. അര്‍ധസൈനിക വിഭാഗത്തിന്റെ 124 സംഘത്തെയും സായുധന സേനയുടെ 184 സംഘത്തെയും സമാധാനം നിലനിര്‍ത്താന്‍ സംസ്ഥാനത്ത് വിന്യസിച്ചു.
ഇന്റര്‍നെറ്റ് നിരോധനം ഇളവ് ചെയ്യാൻ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം കര്‍ഫ്യൂ ഇളവ് സമയം കൂട്ടുമെന്നും റിപ്പോർട്ടിൽ പറയുന്നു.