വടകര: താലൂക്ക് ഓഫീസ് താഴെ അങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിച്ച് ചേർക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കെ കെ രമ എം.എൽ.എ യുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. അസൗകര്യങ്ങളാൽ താലൂക്ക് ഓഫീസിൽ എത്തുന്നവരും ജീവനക്കാരും നേരിടുന്ന പ്രയാസങ്ങൾ ജനപ്രതിനിധികളും വികസന സമിതി അംഗങ്ങളും ഉന്നയിച്ചിരുന്നു. തുടർന്നാണ് യോഗം വിളിക്കാൻ തീരുമാനിച്ചത്.
ഇക്കാര്യം നഗരസഭ അധികൃതരെ അറിയിക്കും. താലൂക്ക് വികസന സമിതി യോഗത്തിൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും പങ്കെടുക്കാത്തതിനെ ചൊല്ലി രൂക്ഷ വിമർശനം ഉയർന്നു. ഉദ്യോഗസ്ഥരുടെ ഇരിപ്പിടം പകുതിയും ഒഴിഞ്ഞു കിടന്നു, യോഗത്തിൽ വരാത്ത പ്രതിനിധികളോട് വിശദീകരണം തേടാനും തീരുമാനിച്ചു. കെ.എസ്.ഇ.ബി അഴിയൂർ സെക്ഷൻ പരിധിയിലെ വൈദ്യുത മുടക്കം അവസാനിപ്പിക്കണമെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.
ഇതുമൂലം ജനം ഏറെ ദുരിതം നേരിടുന്നതായി യോഗത്തിൽ പരാതി ഉയർന്നു. ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാമെന്ന് കെ കെ രമ എം.എൽ.എ പറഞ്ഞു. കെ.എസ്.ഇ.ബി പ്രതിനിധികൾ യോഗത്തിൽ എത്തിയില്ല. പുതുപ്പണം മേഖലയിൽ സർവ്വീസ് റോഡിന്റെ വീതി അഞ്ചര മീറ്ററായത് മൂലമുള്ള പ്രശ്നങ്ങൾ സമിതി അംഗം പി പി രാജൻ ഉന്നയിച്ചു. രാത്രി കാലങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ പുതിയ ബസ് സ്റ്റാൻഡിൽ കയറ്റാനുള്ള നടപടി സ്വീകരിച്ചതായി എം.എൽ.എ യോഗത്തെ അറിയിച്ചു.
കെ കെ രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുറന്തോടത്ത് സുകുമാരൻ, പി പി രാജൻ, പ്രദീപ് ചോമ്പാല, ടി വി ബാലകൃഷ്ണൻ, ടി വി ഗംഗാധരൻ, ബാബു പറമ്പത്ത്, എൻ കെ സജിത്ത്, തഹസിൽദാർ കെ ഷിബു എന്നിവർ സംസാരിച്ചു.