തിരുവനന്തപുരം: മകളുടെ വിവാഹദിനത്തിൽ അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം സംസ്കരിച്ചു. പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൂന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മകളുടെ വിവാഹം നടക്കേണ്ട പന്തലിലാണ് രാജന്റെ മൃതദേഹം പൊതുദർശത്തിനു വച്ചത്.
ഓട്ടോ ഡ്രൈവറെന്ന നിലയിൽ നാട്ടുകാർക്കെല്ലാം പരിചിതനായ രാജുവിന്റെ വിയോഗം നാടിന്റെ നൊമ്പരമായി. രാജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചതോടെ കൂട്ടനിലവിളി ഉയർന്നു. കുടുംബത്തെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പ്രയാസപ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്ക് നടന്ന ആക്രമണത്തിലാണ് രാജു കൊല്ലപ്പെടുന്നത്. മകളെ ആക്രമിച്ച നാലംഗ സംഘത്തെ തടയുന്നതിനിടയിലാണ് രാജുവിന് തലയ്ക്ക് അടിയേറ്റത്.
അടിച്ച ശേഷം രാജുവിനെ നിലത്തിട്ട് ചവിട്ടി. തടയാൻ വന്ന ബന്ധുക്കളെയും അക്രമി സംഘം മർദിച്ചു. രാജു കുഴഞ്ഞു വീണതോടെ അക്രമി സംഘം സ്ഥലത്തുനിന്ന് കടന്നു. രാജുവിന്റെ മകളെ വിവാഹം കഴിക്കാൻ അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്ന ജിഷ്ണു ആഗ്രഹിച്ചിരുന്നു. രാജുവിന്റെ കുടുംബത്തിന് വിവാഹത്തിന് സമ്മതമല്ലായിരുന്നു. മറ്റൊരാളുമായി വിവാഹം തീരുമാനിച്ചതോടെ ജിഷ്ണു പലതവണ ഭീഷണി മുഴക്കി. വിവാഹത്തലേന്ന് സൽക്കാരം കഴിഞ്ഞ് ആളുകൾ മടങ്ങിയതിനു പിന്നാലെയാണ് അക്രമി സംഘം വീട്ടിലെത്തിയത്.
ക്രമസമാധാന പ്രശ്നത്തിന് സാധ്യതയുള്ളതിനാൽ അക്രമികളെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നില്ല. വീട്ടുകാരുടെ മൊഴി നാളെ രേഖപ്പെടുത്തും. റൂറൽ എസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. കൊലപാതക വിവരം അറിഞ്ഞ് വൻജനാവലി വീട്ടിലെത്തിയിരുന്നു. മന്ത്രി വി.ശിവൻകുട്ടി, കേന്ദ്രമന്ത്രി വി.മുരളീധരൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ വീട്ടിലെത്തി.