തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാൻ കേരളത്തിന് 8,323 കോടി രൂപ അധികമായി കടമെടുക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് 66, 413 കോടി രൂപയാണ് ആകെ കേന്ദ്രസർക്കാർ അനുവദിച്ചത്. നേരത്തെ കേരളത്തിന്റെ കടമെടുക്കല്‍ പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
2021 മുതല്‍ 2024 വരെ ഓരോ വര്‍ഷവും സംസ്ഥാന ജിഡിപിയുടെ ദശാംശം അഞ്ചുശതമാനം തുക അധികമായി കടമെടുക്കാന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. 32,000 കോടി കടമെടുക്കാമെന്നിരിക്കേ, 15,390 കോടി രൂപ മാത്രമാണ് അനുവദിച്ചത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.
ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, പശ്ചിമ ബംഗാളിന് 15,263 കോടി രൂപയുടെ വായ്പയെടുക്കാനാണ് അനുമതി. തൊട്ടുപിന്നാലെ രാജസ്ഥാൻ (11,308 കോടി രൂപ), ആന്ധ്രാപ്രദേശ് (9,574 കോടി രൂപ), കേരളം (8,323 കോടി രൂപ), തമിഴ്നാട് (7,054 രൂപ) എന്നിങ്ങനെയാണ്. ഊർജമേഖലയുടെ കാര്യക്ഷമതയും പ്രകടനവും വർധിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം.