ബെംഗളൂരു ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ട്വീറ്റിന്റെ പേരിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ പൊലീസ് കേസ്. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ രമേഷ് ബാബു നൽകിയ പരാതിയിലാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്.
രാഹുൽ ഗാന്ധിയുടേത് ‘വഞ്ചനാ ഗെയിം’ ആണെന്നാരോപിച്ച് അദ്ദേഹത്തിന്റെ യുഎസ് സന്ദർശനത്തെ വിമർശിച്ചു 2.28 മിനിറ്റുള്ള വിഡിയോ ആണ് അമിത് മാളവ്യ ജൂൺ 17ന് ട്വീറ്റ് ചെയ്ത്. ‘‘രാഹുൽ അപകടകാരിയാണ്. അദ്ദേഹം വഞ്ചനാ ഗെയിം കളിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കാനായി വിദേശങ്ങളിൽ ഇന്ത്യയെ അപമാനിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നത് ഇന്ത്യാ വിരുദ്ധമാണ്’’ എന്നാണു മാളവ്യ ട്വീറ്റിൽ പറയുന്നതെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാട്ടി.
അമിത് മാളവ്യയ്ക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നു ബിജെപിയുടെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പറഞ്ഞു. കോടതിയിൽനിന്നു നീതി ഉറപ്പാക്കുമെന്നും തേജസ്വി കൂട്ടിച്ചേർത്തു. വിവിധ കൂട്ടായ്മകൾക്കിടയിൽ വെറുപ്പും ശത്രുതയും വളർത്തുകയാണു ട്വീറ്റിലൂടെ അമിത് മാളവ്യ ചെയ്തതെന്നു കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖർഗെ ആരോപിച്ചു. നിയമോപദേശം തേടിയ ശേഷമാണു കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.