ബാലസോർ ട്രെയിൻ അപകടം; അഞ്ച് ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ‘പതിവ് രീതി’ മാത്രമെന്ന് റെയിൽവേ വിശദീകരണം

news image
Jun 23, 2023, 8:22 am GMT+0000 payyolionline.in

ദില്ലി: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ സൗത്ത് ഈസ്റ്റേൺ റെയിൽവേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് സ്ഥലം മാറ്റിയത്. ട്രാൻസ്‌ഫറുകൾ ‘പതിവ് രീതി’ അനുസരിച്ച് മാത്രമാണെന്നാണ് റെയിൽവേയുടെ വിശദീകരണം. ബാലസോർ ട്രെയിൻ അപകടം നടന്ന ആഴ്ചകള്‍ മാത്രം കഴിയുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ സ്ഥലം മാറ്റം വന്നിരിക്കുന്നത്.

ഇതിനിടെ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനിയർ ഒളിവിൽ പോയെന്ന അഭ്യൂഹം അധികൃതർ തള്ളിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം എൻജിനിയറുടെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തി എന്നായിരുന്നു വാർത്തകൾ. എന്നാൽ, ഈ പ്രചാരണം തെറ്റാണെന്ന് ദക്ഷിണ -പൂർവ റെയിൽവേ അറിയിച്ചു. എല്ലാ ജീവനക്കാരും സിബിഐയോട് സഹകരിക്കുന്നുണ്ടെന്നും റെയിൽവേ വ്യക്തമാക്കി.

ജൂണ്‍ രണ്ടിന് ചെന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. 292 പേര്‍ക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. അപകടത്തില്‍ 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു. ട്രെയിൻ ദുരന്തത്തിൽ നാലു മലയാളികളും ഉൾപ്പെട്ടിരുന്നു.

സിബിഐ അന്വേഷണ സംഘം ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും മറ്റ് ഉപകരണങ്ങള്‍ തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലോഗ് ബുക്കുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കൂടാതെ, സിബിഐ അഞ്ച് പേരെ ഇതിനോടകം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe