ന്യൂഡൽഹി: ജൂലൈ ആറിന് നടത്താൻ തീരുമാനിച്ച റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) തെരഞ്ഞെടുപ്പ് മാറ്റി. ജൂലൈ 11ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂനിറ്റുകളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റുമാർ, സെക്രട്ടറി ജനറൽ, ട്രഷറർ, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, അഞ്ച് എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നീ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ജസ്റ്റിസ് മഹേഷ് മിത്തൽ കുമാർ ആണ് വരണാധികാരി.
അതേസമയം, ഗുരുതര ലൈംഗികാതിക്രമങ്ങൾ നടത്തിയെന്ന ആരോപണം നേരിടുന്ന ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെയോ കുടുംബാംഗങ്ങളെയോ കൂട്ടാളികളെയോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് കായിക മന്ത്രി അനുരാഗ് താക്കൂർ പ്രക്ഷോഭകരായ ഗുസ്തി താരങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.