കൊൽക്കത്ത: ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മമതാ ബാനര്‍ജിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ ജൂലൈ ഏഴിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് അമൃത സിന്‍ഹ സിബിഐയോട് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമസംഭവങ്ങളില്‍ കൊല്‍ക്കത്ത ഹൈക്കോടതി നിരാശ രേഖപ്പെടുത്തി. അക്രമങ്ങള്‍ തുടരുകയാണെങ്കില്‍ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പുകളില്‍ അക്രമസംഭവങ്ങളും ക്രമക്കേടും തുടരുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ എന്താണ് ചെയ്യുന്നതെന്നും ജസ്റ്റിസ് സിന്‍ഹ ചോദിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായ ജൂണ്‍ 15 ന് ബിജയ്ഗഞ്ച് ബസാറില്‍ അക്രമങ്ങള്‍ നടക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.