ലഖ്നോ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 14ന് നടക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് രാമക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. ലോകത്തെല്ലായിടത്തും ചടങ്ങ് നേരിട്ട് കാണുന്നതിനായി ലൈവ് സംപ്രേക്ഷണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മിശ്ര പറഞ്ഞു.
നാഗരിക ശൈലിയിലാണ് ക്ഷേത്ര വാസ്തുവിദ്യ. 46 തേക്ക് തടി വാതിലുകളായിരിക്കും ഉണ്ടാകുക. ശ്രീകോവിലിന്റെ വാതിൽ സ്വർണ്ണം പതിച്ചതായിരിക്കും. രാജസ്ഥാനിൽ നിന്നുള്ള നാല് ലക്ഷം ക്യുബിക് അടി കല്ലും മാർബിളും ശ്രീകോവിലിനു മുകളിൽ 161 അടി ഉയരത്തിൽ നിർമ്മിക്കും. സ്റ്റീലോ ഇഷ്ടികയോ ഉപയോഗിക്കില്ല.
പ്രധാന ക്ഷേത്രം മൂന്ന് ഏക്കറിൽ നിർമ്മിക്കുമ്പോൾ, ഒമ്പത് ഏക്കർ സമുച്ചയത്തിന് ചുറ്റുമതിൽ ഒരുക്കും. ചുവരിൽ രാമായണത്തെ പ്രതിപാദിക്കുന്ന ശിൽപങ്ങൾ ഉണ്ടാകും. ക്ഷേത്രത്തിന്റെ മൂന്ന് കവാടങ്ങളും ഗോപുരവും സ്വർണ്ണം പൂശിയതായിരിക്കും. തീർഥാടന കേന്ദ്രം, മ്യൂസിയം, ആർക്കൈവ്സ്, റിസർച്ച് സെന്റർ, ഓഡിറ്റോറിയം, കന്നുകാലി തൊഴുത്ത്, ആചാരാനുഷ്ഠാനങ്ങൾക്കുള്ള വേദി, ഭരണപരമായ കെട്ടിടങ്ങൾ, പുരോഹിതർക്കുള്ള താമസസൗകര്യം എന്നിവ പൂർത്തീകരിച്ച ക്ഷേത്ര സമുച്ചയത്തിൽ ഉൾപ്പെടുന്നു.
അതേസമയം, അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള വജ്രായുധമായിരാമക്ഷേത്രത്തെ മാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങും ദർശത്തിനായി തുറക്കുന്നതുൾപ്പെടെയുള്ളവ തെരഞ്ഞെടുപ്പിന് മുൻപ് ആഘോഷമായി കൊണ്ടാടാൻ ബി.ജെ.പി സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. എന്നാൽ, 2024ൽ തുറന്നുകൊടുക്കുന്നതും ലോക്സഭാ തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.