ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകും; ഡെങ്കിപ്പനിയും എലിപ്പനിയും പ്രശ്‌നം സൃഷ്ടിക്കുന്നു: മന്ത്രി

news image
Jun 19, 2023, 9:41 am GMT+0000 payyolionline.in

തിരുവനന്തപുരം> ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.നിലവില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.ശക്തമായ മഴ എലിപ്പനിക്കും കാരണമാകും. അതിനാല്‍ ജാഗ്രത കൈവിടരുതെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഈ മാസം ഉറവിട നശീകരണം കാര്യക്ഷമമായി നടപ്പാക്കിയാല്‍ ജൂലൈ മാസത്തില്‍ പകര്‍ച്ചപ്പനിയുടെ വ്യാപനം തടയാന്‍ സാധിക്കും. നിലവില്‍ വൈറസ് വാഹകരായി മാറിക്കഴിഞ്ഞ കൊതുകുകളെ കൊല്ലുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

നിലവില്‍ എലിപ്പനി ബാധിച്ചവരുടെ അവസ്ഥ വളരെ പെട്ടെന്ന് സങ്കീര്‍ണമാകുകയാണ്. നേരത്തെ എലിപ്പനി സ്ഥിരീകരിക്കാന്‍ ഏഴുദിവസം എടുക്കുമായിരുന്നു. ഈ കാലതാമസത്തിനിടെ എലിപ്പനി ബാധിച്ച് മരണം സംഭവിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് മെയ് മാസത്തില്‍ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയതാണ്. തയ്യാറെടുപ്പുകളുടെ ഭാഗമായി ജൂണ്‍ രണ്ടിന് തന്നെ സംസ്ഥാനത്ത് പനിക്ലിനിക്ക് ആരംഭിച്ചു. ആവശ്യമായ മരുന്ന് ആശുപത്രികളില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി.

ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ്സ്, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവരോട്, അവരുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു.  ജില്ലകളില്‍ ഡിഎംഒമാരോടും നേരിട്ട് തന്നെ ഇടപെടല്‍ നടത്തി ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe