ആലപ്പുഴ : നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസും നടപടി തുടങ്ങി. ഇന്ന് രാവിലെ എംഎസ്എം കോളേജ് പ്രിന‍്സിപ്പലിന്‍റെ മൊഴിയെടുക്കും. കെഎസ് യു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിന്മേലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസില്‍ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാകൂവെന്ന നിലപാടിലാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് പ്രിന‍്സിപ്പലിന്‍റെ മൊഴി എടുക്കുന്നത്. വ്യാജ ഡിഗ്രി ഹാജരാക്കിയ സംഭവത്തിൽ എംഎസ്എം കോളജിലേക്ക് ഇന്ന് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. ഗവർണറുടെ ഇടപെടൽ തേടിയ എംഎസ് എഫ് സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു.
കായംകുളത്തെ എസ്എഫ് ഐ നേതാവിന്റെ വ്യാജ ഡിഗ്രി സംബസിച്ച വിവരങ്ങൾ മറച്ച് വെച്ച് എംഎസ്എം കോളേജ് തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് ആരോപണമാണ് വിദ്യാർത്ഥി സംഘടനകൾ ഉയർത്തുന്നത്. സ്വകാര്യ വിവരങ്ങൾ പുറത്ത് വിടാനാവില്ലെന്ന് കാണിച്ച് ആർടിഐ പ്രകാരം നൽകിയ അപേക്ഷകൾ രണ്ട് തവണ മാനേജ്മെന്റ് തള്ളി. വ്യാജ ഡിഗ്രി വിഷയം വൻ വിവാദമായിട്ടും കോളേജ് കൗൺസിൽ കൂടിയ ശേഷമേ പ്രതികരിക്കൂവെന്ന നിലപാടിലാണ് മാനേജ്മെൻ്റ് എസ് എഫ് ഐ നേതാവിന്റെ എം കോം പ്രവേശനത്തിൽ പുറത്ത് വരുന്നത് കോളേജ് മാനേജ്മെൻ്റും പ്രതിക്കൂട്ടിലാവുമെന്ന വിവരങ്ങളാണ്. നിഖിൽ തോമസ് എം കോമിന് ചേർന്നത് മാനേജ്മെന്റ് സീറ്റിലാണ്. 2017 -20 കാലഘട്ടത്തിലാണ് നിഖിൽ ഇതേ കോളേജിൽ ബികോം പഠിച്ച് തോറ്റത്.
അതേ കാലയളവിലുള്ള മറ്റൊരു സർവകലാശാലയുടെ ഡിഗ്രി കൊണ്ടു വന്നിട്ടും മാനജ്മെന്റ് എന്ത് കൊണ്ട് അറിഞ്ഞില്ലെന്നതിൽ ദുരൂഹത ഏറെയാണ്. എസ്എഫ്ഐ നേതാവ് എന്ന നിലയിൽ കാമ്പസിൽനിഖിൽ സുപരിചതനുമാണ്. എന്നിട്ടും ഡിഗ്രി തോറ്റ് ഒരു വർഷത്തിനുള്ളൽ മറ്റൊരു ഡിഗ്രി എങ്ങിനെ കിട്ടിയെന്ന് ആരും ചോദിച്ചില്ല. അതു കൊണ്ട് തന്നെയാണ് നിഖിൽ തോമസിൻ്റെ എംകോം പ്രവേശന വിവരങ്ങൾ ആർ ടി ഐ പ്രകാരം ചോദിച്ചിട്ടും കോളേജ് മാനേജ്മെൻ്റ് മറച്ച് വെച്ചതെന്ന് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു.