കണ്ണൂർ∙ പിണറായി പടന്നക്കരയിൽ മേഘ എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. മേഘയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും, വിവാഹത്തിനു ശേഷം ഭർത്താവ് സച്ചിൻ മർദ്ദിക്കുന്നതു പതിവായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കതിരൂർ പൊലീസിൽ പരാതി നൽകി.
വിവാഹം കഴിഞ്ഞ് രണ്ട് മാസമാകുമ്പോഴോണ് മേഘയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫിറ്റ്നസ് ട്രെയിനറായ കതിരൂർ നാലാം മൈലിലെ സച്ചിനുമായിട്ടായിരുന്നു മേഘയുടെ വിവാഹം. കല്യാണത്തിനു ശേഷം മേഘ സച്ചിനിൽനിന്ന് കടുത്ത പീഡനം നേരിട്ടതായാണ് കുടുംബത്തിന്റെ ആരോപണം. മേഘയെ സച്ചിൻ മർദിക്കാറുണ്ടായിരുന്നുവെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും അമ്മ രാജവല്ലി പറഞ്ഞു.
കഴിഞ്ഞ എട്ടാം തീയതി സുഖമില്ലാത്തതിനെ തുടർന്ന് ഡോക്ടറെ കാണാനായി മേഘ പിണറായിലെ വീട്ടിലെത്തിയിരുന്നു. ശനിയാഴ്ചയാണ് തിരിച്ചുപോയത്. രാത്രി കണ്ണൂരിലെ സച്ചിന്റെ ബന്ധുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങി വന്നതിനു പിന്നലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം ഭർതൃവീട്ടുകാർ മേഘയുടെ കുടുംബത്തെ അറിയിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.