ന്യൂഡൽഹി > ഐതിഹാസികമായ കർഷക സമരം കത്തിപ്പടരവേ ഇന്ത്യയിൽ ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ സിഇഒയും ട്വിറ്റർ സ്ഥാപകനുമായ ജാക്ക് ഡോർസി. വിദേശ യൂട്യുബ് ചാനലിനോട് നടത്തിയ പ്രതികരണത്തിലാണ് സർക്കാരിനെ വിമർശിക്കുന്നവരുടെ അക്കൗണ്ടുകൾ തടഞ്ഞില്ലങ്കിൽ ട്വിറ്റർ പൂട്ടിക്കുമെന്നും ഓഫീസും ജീവനക്കാരുടെ വസതിയും റെയ്‌ഡ് ചെയ്യുമെന്നും 2021ൽ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ കേന്ദ്രസർക്കാർ ഭീഷണി മുഴക്കിയെന്ന് ഡോർസി വെളിപ്പെടുത്തിയത്.
വിമർശകരുടെയും ചില പത്രപ്രവർത്തകരുടെയും അക്കൗണ്ടുകൾ തടയണമെന്നും അവരുടെ വിവരങ്ങൾ നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തുർക്കിയും നൈജീരിയയും സമാന ആവശ്യമുന്നയിച്ചുവെന്നും ഡോർസി പറഞ്ഞു. അക്കൗണ്ടുകൾ പൂട്ടിക്കാൻ ഏറ്റവും അധികം ആവശ്യപ്പെടുന്നതിൽ ഇന്ത്യൻ സർക്കാരുമുണ്ട്. തുർക്കി കോടതിയിൽ നിയമയുദ്ധം ജയിച്ചിട്ടും സർക്കാർ ഭീഷണി തുടർന്നു. നൈജീരിയിൽ ജീവനക്കാരെ നിയമിക്കാൻ പോലും ഭയമായിരുന്നു. അവർക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. പ്രാദേശിക വിഘടനവാദികളെ വേട്ടയാടുമെന്ന് പ്രഖ്യാപിച്ച അന്നത്തെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ അക്കൗണ്ട് റദ്ദാക്കിയതോടെ 2021ൽ നൈജീരിയയിൽ ട്വിറ്റർ നിരോധിച്ചിരുന്നു.
നിലവിലെ ഉടമ ഇലോൺ മസ്‌കിനെ വേഗം സമ്മർദത്തിലാക്കാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ ഏകപരാജയമെന്നും ഡോർസി പറഞ്ഞു. ഇന്ത്യയിലെ ഐടി നിയമങ്ങൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തോട് ചേർന്ന് പോകുന്നതല്ലങ്കിലും നടപടി ഒഴിവാക്കാൻ സഹകരിക്കുമെന്നാണ് മസ്‌ക് നേരത്തെ പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് 2021 ആഗസ്‌റ്റിൽ കേന്ദ്രത്തിന്റെ ആവശ്യത്തെ തുടർന്ന് താൽക്കാലികമായി റദ്ദാക്കാൻ കമ്പനി നിർബന്ധിതമായിരുന്നു.
എന്നാൽ ഡോർസിയുടെ വെളിപ്പെടുത്തൽ കള്ളമാണെന്നാണ് കേന്ദ്രവാദം. രാജ്യത്തെ അപഹസിക്കാനും അസ്ഥിരപ്പെടുത്താനും വിദേശ ശക്തികൾ ശ്രമിക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം.
ഡോർസിയുടെ വൻ വെളിപ്പെടുത്തലിന് പുറമേ മോദി സർക്കാരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷ പാർടികൾ ആക്രമണം കടുപ്പിച്ചു. ഡോർസിയുടെ വെളിപ്പെടുത്തൽ ആശങ്കപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണെന്ന് വ്യക്തമാക്കിയ കോൺഗ്രസ്, പ്രതിപക്ഷ സ്വരം അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് രാഹുലിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയതെന്നും കുറ്റപ്പെടുത്തി. മാധ്യമ വ്യവസ്ഥയെ കൈകാര്യം ചെയ്യുന്ന നിന്ദ്യമായ രീതിയാണ് വെളിപ്പെട്ടതെന്ന് കുറ്റപ്പടുത്തിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, വിമർശിക്കുന്ന മാധ്യമപ്രവർത്തകരെയടക്കം കള്ളക്കേസിൽ മോദി ജയിലടച്ചുവെന്നും പറഞ്ഞു.
ആഗോള തലത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യം നൽകുന്ന കമ്പനിയെ ഭീഷണിപ്പെടുത്തുമ്പോൾ രാജ്യത്തെ മാധ്യമങ്ങളുടെ കാര്യം പറയാനുണ്ടോയെന്നായിരുന്നു സമാജ് വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പരിഹാസം. മോദിസർക്കാർ രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക സമരം ഉയർത്തിക്കാട്ടിയ അക്കൗണ്ടുകൾ റദ്ദാക്കപ്പെട്ടുവെന്ന് കുട്ടികൾക്ക് പോലും അറിയാമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്തും പ്രതികരിച്ചു.