തിരുവനന്തപുരം> പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം പ്രവൃത്തിദിനം 205 ആയിരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാസമിതി (ക്യുഐപി) യോഗത്തിന്റേതാണ് തീരുമാനം. അധ്യാപക സംഘടനകളുടെ അഭ്യർഥന മാനിച്ചാണ് 210 പ്രവൃത്തിദിനം എന്നതിൽ കുറവുവരുത്തിയത്.
ഏപ്രിൽ അഞ്ചുവരെ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനവും മാറ്റി. സ്കൂളുകൾ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി മാർച്ച് 27ന് അടയ്ക്കും. തുടർന്ന് പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ അവധി ദിനങ്ങൾ വരുന്നതിനാലാണിത്. പകരം മാർച്ചിൽ 16, 23 തീയതികൾ (ശനി) പ്രവൃത്തി ദിനങ്ങളാകും. അധ്യയനവർഷത്തെ 52 ശനിയാഴ്ചകളിൽ 13 എണ്ണമാണ് പ്രവൃത്തിദിനമാകുക. കോടതിയടക്കം ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം വേണമെന്ന് നിർദേശിച്ച പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ അധ്യയനവർഷം നാല് ശനി ഉൾപ്പെടെ 202 പ്രവൃത്തിദിനമുണ്ടായിരുന്നു.
ഈവർഷം 192 അധ്യയനദിനങ്ങളും 13 ശനിയും ചേർത്താണ് 205 പ്രവൃത്തിദിനം. അക്കാദമിക സമയം നഷ്ടമാകാതിരിക്കാൻ ദിനാചരണ പരിപാടികളുടെ സമയക്രമം നിശ്ചയിക്കും. അക്കാദമിക സമയങ്ങളിൽ വിദ്യാർഥികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കാൻ പുറത്തുകൊണ്ടുപോകാതിരിക്കാൻ നിർദേശം നൽകും. യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എൻ ടി ശിവരാജൻ (കെഎസ്ടിഎ), ഒ കെ ജയകൃഷ്ണൻ (എകെഎസ്ടിയു), കെ അബ്ദുൾ മജീദ് (കെപിഎസ്ടിഎ) എന്നിവർ സംസാരിച്ചു.