കളക്കാട്: തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കുന്നതിൽ പ്രതിഷേധം. എസ് ഡി പി ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. അരിക്കൊമ്പനെ കളക്കാട് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. നേരത്തെ കളക്കാട് കടുവാ സങ്കേതത്തിനകത്ത് അരിക്കൊമ്പനെ തുറന്നുവിടാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതറിഞ്ഞെത്തിയ നാട്ടുകാരാണ് എസ് ഡി പി ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധിക്കുന്നത്.
അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന് വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.