ന്യൂഡൽഹി∙ ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. രാത്രി 11 മണിക്ക് ഡൽഹിയിലെ അമിത് ഷായുടെ വസതിയിൽ തുടങ്ങിയ കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടെന്നാണ് വിവരം. ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട് എന്നിവരാണ് അമിത് ഷായെ സന്ദർശിച്ചത്.
ബ്രിജ് ഭൂഷണിനെതിരെ ശക്തമായ നടപടി വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടു പോകുമെന്ന് അമിത് ഷാ പറഞ്ഞതായാണ് വിവരം. ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നൽകിയ അന്ത്യശാസനം ഇന്നലെ അവസാനിച്ചതോടെയാണ് അമിത് ഷായെ കാണാൻ തീരുമാനിച്ചത്.
ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ തങ്ങൾക്കു ലഭിച്ച രാജ്യാന്തര മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ ഹരിദ്വാറിൽ എത്തിയിരുന്നു. ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവിടെയെത്തിയ കർഷക നേതാക്കളെ അവരെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിച്ചു. ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ ഈ മാസം ഒൻപതിനകം നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകി.