പയ്യോളി: പൊതുവിദ്യാലയങ്ങൾ മികവിൻ്റെയും ഉന്നത സംസ്കാരത്തിൻ്റെയും കേന്ദ്രങ്ങളാണെന്നും പുതുതലമുറയിൽ നന്മകൾ വളർത്തുന്നതിൽ പൊതുവിദ്യാലയങ്ങളുടെ പങ്ക് വളരെ വലുതാണെന്നും പയ്യോളി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സി.പി ഫാത്തിമ അഭിപ്രായപ്പെട്ടു. മേലടി എം.എൽ.പി സ്കൂൾ പുതിയ അധ്യയനവർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
മാനേജർ പി.പി അബ്ദുൽ അസീസ്, രാജൻ രാജേന്ദു, കമ്മന ഉമ്മർ, ഹുസൈൻ പി.എം, മുൻ പ്രധാനാധ്യാപകൻ പി.എം പീതാംബരൻ, എസ്.ആർ.ജി കൺവീനർ ടി.വി നിമിഷ എന്നിവർ ആശംസകൾ നേർന്നു.
മുഴുവൻ കുട്ടികൾക്കും സ്കൂൾ കിറ്റ് വിതരണം ചെയ്തു. നവാഗതരെ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും മധുര പലഹാര വിതരണം നടത്തുകയും ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് റുഫ്സിന ടി.പി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എ.വി റജുല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷമീർ വാകയാട് നന്ദിയും പറഞ്ഞു.