2025ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

news image
Jun 1, 2023, 8:19 am GMT+0000 payyolionline.in

കോഴിക്കോട്: 2025 ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായതായും മാലിന്യ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കുക. രാഷ്ട്രീയ, പാരിസ്ഥിതിക, വിദ്യാര്‍ത്ഥി-യുവജന, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ തുടങ്ങി എല്ലാ സംഘടനകളെയും ക്ലബ്ബുകളെയും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുമെന്ന് മന്ത്രി പറഞ്ഞു.

 

ശുചിത്വ ക്യാമ്പയിന്റെ ആദ്യഘട്ടമായി ജൂണ്‍ അഞ്ചിന് മുമ്പ് വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തെരുവുകളിലും മറ്റു സ്ഥലങ്ങളിലുമായി മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുകയും അവിടെ വെയിസ്റ്റ് ബിന്നുകള്‍, മെറ്റീരിയല്‍ കലക്ഷന്‍ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്യും. മാലിന്യം നീക്കം ചെയ്യുന്ന സ്ഥലത്ത് പൂന്തോട്ടം ഉള്‍പ്പടെ സ്ഥാപിച്ച് മനോഹരമാക്കും. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ മുന്നോടിയായി നടന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ മാലിന്യങ്ങളും ഇലക്ട്രോണിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പടെ ശുചീകരിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.

ക്യാമ്പെയിനിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ യോഗങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. 2965 ഹരിത കര്‍മ്മ സേനാംഗങ്ങളെ തദ്ദേശ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യ ശേഖരണത്തിനായി നിയോഗിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി. മാലിന്യ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട നടപടികള്‍ പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്താനായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ സ്ഥാപനങ്ങള്‍ പരിശോധിക്കുന്നതായും പ്ലാസ്റ്റിക്ക് ഉള്‍പ്പടെ മാലിന്യങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുന്നതായും മന്ത്രി അറിയിച്ചു. ജൂണ്‍ അഞ്ചോടു കൂടി തന്നെ 100 ശതമാനം വീടുകളിലും ഹരിത കര്‍മ്മ സേനകള്‍ ഡോര്‍ ടു ഡോര്‍ കലക്ഷന്‍ എടുക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe