കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടുത്തം. രാവിലെ കണ്ണൂർ കോർപ്പറേഷന്റെ ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ തീപിടിച്ചിരുന്നു. പിന്നാലെയാണ് കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റിൽ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീയാളുന്നത് കണ്ട് നാട്ടുകാർ സ്ഥലത്തെത്തി. പിന്നാലെ ഫയർ ഫോഴ്സും സ്ഥലത്തെത്തി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് ഇന്ന് രാവിലെ വൻ തീ പിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു. മാലിന്യത്തിൽ നിന്നുള്ള പുക വലിയ പ്രശ്നം ഉണ്ടാക്കുന്നതായി പ്രദേശവാസികളും കുറ്റപ്പെടുത്തിയിരുന്നു.