സാങ്കേതിക തകരാർ, എയർ ഇന്ത്യ വിമാനം വൈകിയത് 24 മണിക്കൂർ, എസി പോലുമില്ലാതെ തളർന്ന് വീണ് യാത്രക്കാർ

news image
May 31, 2024, 5:28 am GMT+0000 payyolionline.in

ദില്ലി: ശീതീകരണ സംവിധാനം പോലുമില്ലാതെ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ 24 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്ന യാത്രക്കാർ. ദില്ലിയിൽ നിന്ന് സാൻസ്ഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് 24 മണിക്കൂർ വൈകിയത്. വ്യാഴാഴ്ചയാണ് സംഭവം. വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്ന യാത്രക്കാരിൽ പലർക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലി അടക്കമുള്ള വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം രൂക്ഷമായി തുടരുന്നതിന് ഇടയിലാണ് എസി പോലുമില്ലാതെ യാത്രക്കാർക്ക് ക്യാബിനുള്ളിൽ കാത്തിരിക്കേണ്ടി വന്നത്.

തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. സാങ്കേതിക തകരാറിനേ തുടർന്നായിരുന്നു വിമാനം വൈകിയത്. വിമാനം വൈകിയതിന് പിന്നാലെ യാത്രക്കാർക്ക് താമസ സൌകര്യവും റീഫണ്ട് അടക്കമുള്ളവയും നൽകിയെന്നാണ് എയർ ഇന്ത്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. വിമാനത്തിനുള്ളിൽ യാത്രക്കാർ ബോർഡ് ചെയ്ത ശേഷം എട്ട് മണിക്കൂറോളമാണ് വൈകിയത്.

വിമാനത്തിന്റെ ക്യാബിനുള്ളിൽ യാത്രക്കാർ തലകറങ്ങി വീണതിന് ശേഷമാണ് യാത്രക്കാരോട് വിമാനത്തിന് പുറത്തേക്ക് ഇറങ്ങാൻ നിർദ്ദേശം നൽകിയതെന്നാണ് വ്യാപകമാവുന്ന പരാതി. മനുഷ്യത്വ രഹിതമായ നടപടിയെന്നാണ് സംഭവത്തെ യാത്രക്കാർ നിരീക്ഷിക്കുന്നത്. സംഭവത്തിൽ എയർ ഇന്ത്യ ക്ഷമാപണം നടത്തിയിട്ടുണ്ട്.  യാത്രക്കാർക്ക് ഭക്ഷണം അടക്കമുള്ള സൌകര്യങ്ങൾ നൽകാൻ എയർ ഇന്ത്യ തയ്യാറായില്ലെന്നാണ് യാത്രക്കാരിൽ ഏറിയ പങ്കും ആരോപിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe