കാസർകോട്: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താനും വ്യക്തമായ രേഖകള്‍ തയ്യാറാക്കി സൂക്ഷിക്കാനും ബാലാവകാശ കമ്മീഷന് ഉത്തരവായി. സംസ്ഥാനത്തെ പല വിദ്യാലയങ്ങളുടെയും വസ്തു സംബന്ധമായ രേഖകള്‍ സ്കൂള്‍ അധികൃതരുടെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ കൈവശമില്ലെന്ന് കമ്മീഷന് കണ്ടെത്തിയ സാഹചര്യത്തിലാണ് അംഗങ്ങളായ അഡ്വ.പി.പി.ശ്യാമളാദേവി, സി.വിജയകുമാര്‍ എന്നിവരുടെ ഡിവിഷന് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
കാസര്‍കോട് തളങ്കര മുസ്ലിം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍വക വസ്തു ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ റവന്യൂരേഖകളില്‍ മാറ്റങ്ങള്‍ വരുത്തി സ്കൂളിന്റേതാക്കാനുള്ള നടപടി സ്വീകരിക്കാനും കൈയേറ്റങ്ങള്‍ ഒഴിവാക്കി സ്കൂളിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണ്ണയിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാസര്‍കോട് ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍, മുന്‍സിപ്പല്‍ സെക്രട്ടറി, താലൂക്ക് സര്‍വേയര്‍, തളങ്കര വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി.
തളങ്കര ഗവ. മുസ്ലിം ഹയര്‍ സെക്കന്ററി സ്കൂളിന്റെ 3.98 ഏക്കര്‍ സ്ഥലം സമീപവാസികളും വ്യവസായികളും വര്‍ഷങ്ങളായി കൈയേറിക്കൊണ്ടിരിക്കുന്നു എന്ന പരാതിയിന്മേലാണ് കമ്മീഷന്റെ ഉത്തരവ്. 1946ല്‍ സ്കൂളിന് പള്ളിക്കമ്മിറ്റി ദാനാധാരമായി നല്കിയ ഭൂമി സ്കൂളിന്റേതായി മാറ്റുന്നതിന് റവന്യൂ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് കൈയേറ്റങ്ങള്‍ നടക്കാന്‍ കാരണമായതായി കമ്മീഷന് നിരീക്ഷിച്ചു. ഉത്തരവിന്മേല് സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചട്ടം 45 പ്രകാരം മൂന്ന് മാസത്തിനകം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.