ചേമഞ്ചേരി : പന്തലായനിബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ തപാൽ ദിനാചരണം ചേമഞ്ചേരി സബ് പോസ്റ്റാഫിസിൽ നടന്നു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി ബാബു രാജ് ഉദ്ഘാടനം നിർവഹിച്ചു. വേദിയിൽ വെച്ച് തുവ്വക്കോട് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ പി രുഗ്മണിയെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും റിട്ടേഡ് പോസ്റ്റൽ ജീവനക്കാരൻ ഒ വി ഭാസ്കരനെ ബ്ലോക്ക് പ്രസിഡണ്ടും പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ വി കെ ഹാരിസ് ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു സോമൻ അധ്യാപിക കെ വി അനൂത നൗഫൽ ടി കെ സംസാരിച്ചു. ചേമഞ്ചേരി എയ്‌ഡഡ് യു പി സ്കൂൾ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. തപാൽ വകുപ്പിന്റെ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതികൾ, പിൻ കോഡ് ഉപയോഗിച്ച് കത്തുകൾ തരംതിരിക്കൽ, രജിസ്റ്റർഡ് പോസ്റ്റൽ സർവീസിന്റെ പ്രാധാന്യം പോസ്റ്റൽ ബാങ്കിംഗ് മേൽ വിലാസം എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പോസ്റ്റൽ അസിസ്റ്റന്റ് ശ്രീഷ എം എം, തപാൽ ജീവനക്കാരായ ഷികിജിത് കെകെ , അതുൽരാജ് എം കെ, അശ്വതി എന്നിവർ വിശദീകരിച്ചു. കത്തിടപാടുകൾ കുറഞ്ഞ ഈ കാലത്ത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി പോസ്റ്റ് ഓഫീസ് സന്ദർശനം. വിദ്യാർത്ഥികളോടപ്പം അധ്യാപകരായ എസ് കെ റഹീം, എൻ ശ്രീജ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ കൂട്ടുകാർക്ക് പോസ്റ്റ് കാർഡ് എഴുതി പോസ്റ്റ് പെട്ടിയിൽ ഇട്ടു മടങ്ങി.