കൊയിലാണ്ടി: സി.പി.എം സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പെരുവെട്ടൂർ പുറത്തോന അഭിലാഷിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്നു രാവിലെ 6.30 യോടെയാണ് വൻ പോലീസ് അകമ്പടിയോടെ അഭിലാഷിനെ കൊലപാതകം നടന്ന പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിലും, വീട്ടിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇതു വരെ കണ്ടെത്താൻ കഴിയാതിരുന്ന അഭിലാഷ് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തിയത് നിർണ്ണായകമായി.
കൃത്യം നടത്തി പൊലീസ് സ്റ്റേഷനിലേക്ക് നടന്നു പോയ വഴിയിൽ ഒരു വൈദ്യുതി തൂണിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി വലിച്ചെറിഞ്ഞ സ്ഥലവും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. പേരാമ്പ്ര ഡിവൈഎസ്പി ബിജു കൊയിലാണ്ടി ഇൻസ്പെക്ടർ മെൽവിൽ ജോസഫ് പയ്യോളി, മേപ്പയ്യൂർ ഇൻസ്പെക്ടർമാർ, എസ്.ഐമാരായ മനോജ്, പ്രദീപ് കുമാർ, എ.എസ്.ഐ കെ. പി ഗിരീഷ് കുമാർ, എസ്.സി.പിഒ. ഒ.കെ. സുരേഷ്, അൻപതോളം വരുന്ന പൊലീസ് സംഘത്തിന്റെ അകമ്പടിയിലായിരുന്നു. ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പ്രതിയുടെ ചോദ്യം ചെയ്യൽ തുടരും. ഫോൺ വിവരങ്ങൾ അടക്കമുള്ള തെളിവുകൾ നിരത്തിയായിരിക്കും ചോദ്യം ചെയ്യുക. തെളിവെടുപ്പിനെത്തുമ്പോൾ വൻ ജനാവലി ഉണ്ടാകുമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുമെന്നതിനാലാണ് അതിരാവിലെ തെളിവെടുപ്പ് നടത്തിയത്.
എന്നാൽ തെളിവെടുപ്പിന് സാധാരണ ഉണ്ടാവാറുള്ളതു പോലെ ജനം കുറവായിരുന്നു. എന്നാൽ പാർട്ടി യുടെ പ്രത്യേക നിർദേശം ഉള്ളത് കൊണ്ടാണ് ആളുകൾ കുറഞ്ഞ തെന്നാണ് സംസാരം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അഭിലാഷ് മറുപടി ഇതുവരെ പറഞ്ഞില്ല.