കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി; “പൗരത്വ നിയമം രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളി”

news image
Mar 11, 2024, 1:29 pm GMT+0000 payyolionline.in

തിരുവനന്തപുരം > തെരഞ്ഞെടുപ്പ്  മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌ത  കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ്  ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്.  തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണം – മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.

 

സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും  ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. മതാടിസ്‌ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണ്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്‌ഥാനത്ത്‌  എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേത്. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്യുകയും മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിൽ മനുഷ്യ ചങ്ങല തീർക്കുകയും ചെയ്‌തു. ജനകീയ പ്രതിഷേധങ്ങളും വിമർശനങ്ങളും കണക്കികെടുക്കാതെ  വർഗീയ അജണ്ട നടപ്പാക്കും എന്ന വാശിയാണ് സംഘപരിവാർ കാണിക്കുന്നത്.

മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വർഗ്ഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കും – മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe