‘ഇതാണ് കുടുംബാധിപത്യം’: സുഷമ സ്വരാജിന്റെ മകളെ സ്ഥാനാർഥിയാക്കിയതിനെതിരെ പരിഹാസവുമായി പ്രതിപക്ഷം

news image
Mar 5, 2024, 1:50 am GMT+0000 payyolionline.in

ന്യൂഡൽഹി: എതിരാളികളെ പരിഹസിക്കാൻ നിരന്തരം ഉപയോഗിക്കുന്ന ‘മക്കൾ രാഷ്ട്രീയം’, ‘കുടുംബാധിപത്യം’ എന്ന ആ​ക്ഷേപം ബി.ജെ.പിക്ക് തന്നെ തിരിച്ചടിയാകുന്നു. ന്യൂഡൽഹിയിൽ അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവ് സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജിനെ സ്ഥാനാർഥിയാക്കിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.

നരേന്ദ്രമോദി പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും ആണെന്നതിന്റെ തെളിവാണ് ബാൻസുരിയുടെ സ്ഥാനാർഥിത്വം എന്ന് ആം ആദ്മിയും കോൺഗ്രസും ചൂണ്ടിക്കാട്ടി. സുഷമയുടെ മകളെ പരിവാർവാദി (കുടുംബാധിപത്യം, മക്കൾ രാഷ്ട്രീയം) എന്ന് എന്തുകൊണ്ട് വിളിക്കുന്നില്ലെന്ന് പ്രതിപക്ഷം ചോദിച്ചു. മണ്ഡലത്തിലെ സിറ്റിങ് എം.പിയും വിദേശകാര്യ സാംസ്കാരിക സഹമന്ത്രിയുമായ മീനാക്ഷി ലേഖിയെ മാറ്റിയാണ് ബാൻസൂരിയെ മത്സരിപ്പിക്കുന്നത്.

‘മക്കൾ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഉദാഹരണ’മാണ് ബാൻസൂരിയുടെ സ്ഥാനാർഥിത്വമെന്ന് മുതിർന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി. ‘മക്കൾ രാഷ്ട്രീയത്തിനെതിരെ രൂക്ഷമായ പ്രസ്താവനകളാണ് ബിജെപി നടത്തുന്നത്. സുഷമ സ്വരാജിന്റെ മകൾക്ക് ടിക്കറ്റ് കൊടുക്കുന്നത് മക്കൾ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. നമുക്കും സുഷമാജിയോട് ബഹുമാനമുണ്ട്. എന്നാൽ, അന്തരിച്ച നേതാക്കളുടെ ബന്ധുക്കളെ മറ്റുപാർട്ടികൾ മത്സരിപ്പിക്കുമ്പോൾ അവർക്കും അത്തരം ബഹുമാനത്തിന് അർഹതയില്ലേ? ബിജെപി പറയുന്നതും ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നതിന്റെ തെളിവാണിത്’ -ഭരദ്വാജ് പറഞ്ഞു.

കോൺഗ്രസും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. ‘എന്തുകൊണ്ടാണ് ബാൻസുരി സ്വരാജിന് ഡൽഹിയിൽ നിന്ന് ടിക്കറ്റ് നൽകിയത്? മോദി പറയുന്ന മക്കൾ രാഷ്ട്രീയം അല്ലാതെ മറ്റെന്താണ് അവരുടെ സംഭാവന! കുടുംബാധിപത്യം പറഞ്ഞ് ഞങ്ങൾക്ക് നേരെ വിരൽ ചൂണ്ടരുത്!’ -കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞു.

സുഷമയുടെ മരണശേഷമാണ് 39കാരിയും അഭിഭാഷകയുമായ ബാൻസൂരി ബി.ജെ.പിയിൽ സജീവമാകുന്നത്. കഴിഞ്ഞ മാർച്ചിൽ ബി.ജെ.പി ഡൽഹി ഘടകത്തിന്റെ ലീഗൽ സെൽ കോ-കൺവീനറായി നിയമിതയായ ബാൻസൂരിയെ പിന്നീട് സെക്രട്ടറിയാക്കി. അതേസമയം, നിലവിലെ എം.പിയും മന്ത്രിയുമായ മീനാക്ഷി ലേഖിയെ തഴഞ്ഞതിൽ പാർട്ടിയിൽ മുറുമുറുപ്പുണ്ട്. പാർട്ടി തെറ്റ് തിരിച്ചറിയണമെന്നും ലേഖിയുടെ പ്രാധാന്യം മനസ്സിലാക്കണ​െമെന്നും അനുയായികൾ പറഞ്ഞു. അവർക്ക് ഡൽഹിയിലെ മറ്റേതെങ്കിലും മണ്ഡലത്തിൽ നിന്നോ ചണ്ഡീഗഢിൽ നിന്നോ മത്സരിക്കാൻ അവസരം നൽകു​മെന്നാണ് അണികളുടെ പ്രതീക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe