64000ത്തിലേറെ കുടുംബങ്ങൾ അതിദാരിദ്ര രേഖക്ക് താഴെ, 2024 നവംബറിന് മുൻപ് ഇവരെ ഉയർത്തും: മുഖ്യമന്ത്രി

news image
Oct 12, 2023, 1:32 pm GMT+0000 payyolionline.in

തിരുവനന്തപുരം:  മേഖലാ അവലോകന യോഗങ്ങൾ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് വികസന കാര്യങ്ങളിൽ പരിഹാരം ആണ് ഉദ്ദേശിച്ചത്. മേഖലാ യോഗങ്ങൾ പുതിയ ഭരണ നിർവഹണ ശൈലിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി പൂർത്തിയാക്കാനായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

കേരളത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമം. സർക്കാർ സർവേയിൽ 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെ. ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയർത്താൻ വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി മോചിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം വഹിക്കും. വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ ഇതിന്റെ ഭാഗമായി തീരുമാനിച്ചു. ഇത്തരം കുടുംബങ്ങളിലെ 93 ശതമാനം പേരെ 2024 നവംബർ ഒന്നോടെ അതിദാരിദ്ര്യ രേഖയിൽ നിന്ന് മോചിപ്പിക്കും. മാലിന്യ മുക്ത നവകേരളം പദ്ധതി പുരോഗമിക്കുകയാണ്. ന്യൂനത കണ്ടെത്തി പദ്ധതി നടപ്പാക്കൽ ത്വരിതപ്പെടുത്തും, തടസങ്ങളുള്ള പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളീയം നവംബർ ഒന്ന് മുതൽ നടക്കും. കേരളത്തിന്റെ സമസ്ത നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 140 പ്രഭാഷകർ പങ്കെടുക്കും. ഭാവികേരള വികസന മാർഗ്ഗ രേഖയും സെമിനാർ ചർച്ച ചെയ്യും. കേരളം കണ്ടിട്ടുള്ളതിൽ വച്ച് വലിയ സാംസ്കാരിക വിരുന്നായിരിക്കും കേരളീയം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe