ടെൽഅവീവ്: പലസ്തീൻ സായുധ സംഘമായ ഹമാസുമായുള്ള യുദ്ധത്തിൽ ഇടപെടരുതെന്ന് ലെബനോൻ സായുധ സംഘമായ ഹിസ്ബുല്ലയ്‌ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഹമാസിനെപ്പോലെ ഇസ്രയേലുമായി നിരന്തരം ഏറ്റുമുട്ടുന്ന സംഘമാണ് ഹിസ്ബുല്ല. ഇസ്രയേൽ ലെബനോൻ അതിർത്തിയിൽ ഇന്ന് ഹിസ്ബുല്ല ഇസ്രായേൽ സൈനികർക്കു നേരെ വെടിയുതിർത്തിരുന്നു. മറുപടിയായി ലെബനോന്‍റെ ഉള്ളിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ഹിസ്ബുല്ല പ്രകോപനം തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഇസ്രയേൽ നൽകിയ മുന്നറിയിപ്പ്.
അതേസമയം ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുകയാണ്. യുദ്ധത്തിൽ ഇതുവരെ 600 ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നുമാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്.
ഗാസയിലെ ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനുശേഷം രണ്ടാം ഘട്ട ആക്രമണത്തിലൂടെ ഹമാസ് കേന്ദ്രങ്ങൾ തരിപ്പണം ആക്കുകയാണ് ലക്ഷ്യം. മുൻപ് പല ഉന്നത ഹമാസ് നേതാക്കളെയും വധിച്ച ചരിത്രമുള്ള ഇസ്രയേൽ ഇത്തവണയും അത്തരം നീക്കം നടത്തിയേക്കും. കര മാർഗം സൈനിക നീക്കം നടത്തി ഗാസയിൽ സ്ഥിരം ഇസ്രായേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം. നീണ്ട് നിൽക്കുന്നതും ബുദ്ധിമുട്ടേറിയതുമായ യുദ്ധത്തിനാണ് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത് എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.