സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

news image
Dec 16, 2023, 12:27 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിൽ ആയിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂർ പാനൂരിൽ കൊവിഡ് ബാധിച്ച് വ്യാപാരി മരിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്. പാനൂർ പാലക്കണ്ടിയിലെ എൺപതുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശ്വാസ തടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

അതേ സമയം, കൊവിഡ് 19 ന് കാരണമായ സാർസ് കോവ് 2 വൈറസ് അണുബാധ ശ്വാസകോശത്തിൽ രണ്ട് വർഷം വരെ നിലനിൽക്കാമെന്ന് പഠനം പുറത്തു വന്നിരുന്നു. ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആൾട്ടർനേറ്റീവ് എനർജീസ് ആൻഡ് ആറ്റോമിക് എനർജി കമ്മീഷനുമായി (സിഇഎ) സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിൽ നിന്നുള്ള ഒരു സംഘമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.  അണുബാധയ്ക്ക് ശേഷം18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ SARS-CoV-2 കാണപ്പെടുന്നുവെന്ന് മാത്രമല്ല  പ്രതിരോധശേഷി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ​ഗവേഷകർ പറയുന്നു.

അണുബാധയുണ്ടായതിന് ശേഷം ചില വൈറസുകൾ ശരീരത്തിൽ സൂക്ഷ്മമായും കണ്ടെത്താനാകാത്ത വിധത്തിലും നിലനിൽക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു. അണുബാധയ്ക്ക് ശേഷം 6  മുതൽ 18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ വൈറസുകൾ കണ്ടെത്തിയതായി പഠനത്തിന്റെ പ്രാരംഭ ഫലങ്ങൾ സൂചിപ്പിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിന്റെ എച്ച്ഐവിയിലെ ഇൻഫ്ലമേഷൻ ആൻഡ് പെർസിസ്റ്റൻസ് യൂണിറ്റ് വിഭാ​ഗം മേധാവി മൈക്കിള മുള്ളർ-ട്രൂട്വിൻ പറഞ്ഞു. വൈറസ് ബാധിച്ച മൃഗങ്ങളുടെ മാതൃകകളിൽ നിന്നുള്ള ജൈവ സാമ്പിളുകൾ പഠനം വിശകലനം ചെയ്തു. വൈറൽ അണുബാധ നിയന്ത്രിക്കുന്നതിൽ എൻകെ കോശങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഗവേഷകൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe