കൊയിലാണ്ടി: ശ്രീ അന്ന പോഷൻ മാഹ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി എൻഎസ്എസ് നടത്തുന്ന ക്യാമ്പസ് മില്ലറ്റ് പരിപാടിയുടെ കീഴിൽ മില്ലറ്റ് വിത്തിടൽ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിച്ചു. പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് മില്ലറ്റ് കൃഷി ചെയ്യുന്ന കൃഷിയിടത്തിലായിരുന്നു ചടങ്ങ്.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷയായി. മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. എൻഎസ്എസ് ജില്ലാ കോഡിനേറ്റർ എസ് ശ്രീചിത്ത് മുഖ്യാതിഥിയായി. ക്ലസ്റ്റർ കോഡിനേറ്റർ കെ പി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മുതിരക്കണ്ടത്തിൽ, വാർഡ് മെമ്പർ അബ്ദുൽ ശുക്കൂർ, മില്ലറ്റ് മിഷൻ കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ട് ഡോ. ബിനു ശങ്കർ, പിടിഎ പ്രസിഡണ്ട് സിപി രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ എൻ കെ മനോജ് കുമാർ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ മിഥുൻ നന്ദിയും പറഞ്ഞു. ജില്ല മില്ലറ്റ് മിഷനുമായി സഹകരിച്ച് ആയിരുന്നു പരിപാടി. കൃഷിക്ക് ആവശ്യമായ വിത്തുകൾ മില്ലറ്റ് മിഷന്റെ അഭ്യർത്ഥനപ്രകാരം കപില ഫൗണ്ടേഷൻ എന്ന സംഘടന സൗജന്യമായി നൽകുകയായിരുന്നു. വിളവെടുത്താൽ സംസ്കരണം ആവശ്യമില്ലാത്ത റാഗി, മണിച്ചോളം, കമ്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്. കൊയിലാണ്ടി ക്ലസ്റ്ററിലെ മുഴുവൻ വിദ്യാലയങ്ങളിലെയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരും എൻഎസ്എസ് വളണ്ടിയർ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.