ന്യൂഡൽഹി: വിദ്വേഷപ്രചാരണം നടത്തുന്നത് ഏതു വിഭാഗക്കാരായാലും നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഹരിയാനയിലെ നൂഹ് അക്രമങ്ങളെ തുടർന്ന് മുസ്‌ലിംകളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം മുഴക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
നൂഹ് സംഭവത്തിനുശേഷം വിവിധ സംസ്ഥാനങ്ങളിലായി 27 റാലികൾ മുസ്‌ലിംകൾക്കെതിരെ സംഘടിപ്പിച്ചെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. സ്ഥാപനങ്ങളിൽ ജോലിക്ക് മുസ്‌ലിംകളെ നിയമിച്ചവർക്ക് പോലും ഭീഷണി നേരിടേണ്ടി വന്നു. റാലികൾ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ ഐക്യം തകർക്കുകയും ജനങ്ങളെ തമ്മിലടിപ്പിച്ച് കൊല്ലുകയുമാണ് ഒരുകൂട്ടർ ലക്ഷ്യം വയ്ക്കുന്നതെന്നും കോടതിയെ അറിയിച്ചു.
കേരളത്തിൽ മുസ്‌ലിം ലീഗ് ഹിന്ദുക്കൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതും കോടതിയിൽ ഉന്നയിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഏതുവിഭാഗക്കാരായാലും നടപടി എടുക്കണമെന്ന് കോടതി നിർദേശിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരാണ് വാദം കേട്ടത്. കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25ലേക്ക് മാറ്റി.