പയ്യോളി:മേലടി ഉപജില്ലാ കലാമേള നവംബർ 14 മുതൽ 17 വരെ വന്മുകം ഹൈസ്കൂളിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 ന് മേളയുടെ ഉദ്ഘാടനം പുരാവസ്തു മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിക്കും. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയാകുന്ന പരിപാടിയിൽ കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായിരിക്കും. ഒൻപത് വേദികളിലായി 89 വിദ്യാലയങ്ങളിലെ ഏഴായിരത്തോളം വിദ്യാർത്ഥികൾ നാല് ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. മേളയുടെ ഭാഗമായി നാളെ മൂടാടിയിൽ നിന്നും ആരംഭിക്കുന്ന വിളംബര ജാഥയിൽ ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും വിദ്യാത്ഥികളും നാട്ടുകാരും അണിനിരക്കും.
വിവിധ കലാവിഭവങ്ങളും നിശ്ചല ദൃശ്യങ്ങളും അവതരിപ്പിക്കും. നവംബർ 17ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി ഉദ്ഘാടനം ചെയ്യും.മേളയുടെ വിജയത്തിന്നായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു. സ്വാഗത സംഘം ചെയർമാനും മൂടാടി പഞ്ചായത്ത് പ്രസിഡൻ്റുമായ സി.കെ ശ്രീകുമാർ ,എ.ഇ.ഒ എൻ.എം ജാഫർ, എച്ച്.എം പി.ഡി സുചിത്ര, വർക്കിങ് ചെയർമാൻ നൗഫൽ നന്തി, പ്രദീപൻ കൈപ്രത്ത്, സജീവൻ കുഞ്ഞോത്ത്, മനോജ് മാസ്റ്റർ, എസ്.സുബാഷ് മാസ്റ്റർ, റഷീദ് കൊളറാട്ടിൽ, സി.എ റഹിമാൻ, എം.കെ മോഹനൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.