വടകര: ദേശീയപാത നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംഘത്തെ നിയമിക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കെ കെ രമ എംഎൽഎ യാണ് വികസന സമിതിയെ ഇക്കാര്യം അറിയിച്ചത്. മഴ വരുന്നതോടെ ദേശീയ പാതയിൽ വ്യാപകമായ വെള്ളക്കെട്ടിന് സാദ്ധ്യത നിലനിൽക്കുന്നതായി സമിതിയംഗം പ്രദീപ് ചോമ്പാല യോഗത്തിൽ ഉന്നയിച്ചിരുന്നു. റവന്യൂ വിഭാഗം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ദേശീയപാത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പ്രത്യേക സംഘത്തെ നിയമിക്കുന്നത്. കുറ്റിയാടി, നാദാപുരം, പെരിങ്ങത്തൂർ, മട്ടന്നൂർ എയർപ്പോർട്ട് റോഡ് യാഥാർഥ്യമാക്കണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ അലൈൻമെന്റ് ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് സമിതിയംഗം പി സുരേഷ് ബാബു പറഞ്ഞു. വടകര പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ആർ ടി സി അടക്കം ദീർഘദൂര ബസ്സുകൾ കയറാത്ത പ്രശ്നം ആർ.ടി.ഒ, കെ എസ് ആർ ടി സി അധികൃതരെ അറിയിക്കാൻ തീരുമാനിച്ചു. ഇതുമൂലം യാത്രക്കാർ നേരിടുന്ന പ്രയാസം സമിതി അംഗങ്ങളായ പി പി രാജൻ, ടി വി ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു. വടകര നഗരത്തിന്റെ ഹൃദയ ഭാഗമായ നാരായണ നഗരത്തിലെ ട്രാഫിക് സിഗ്നൽ തകരാറായത് മൂലമുള്ള പരാതികൾ പരിഹരിക്കാൻ ട്രാഫിക് പോലീസിനെ തിരക്കുള്ള സമയത്ത് നിയമിക്കണമെന്ന് സമിതി അംഗം സി കെ കരീം പറഞ്ഞു. ഈ വിഷയം വടകര റൂറൽ എസ് പി യുടെ ശ്രദ്ധയിൽപ്പെടുത്തിയതായി എംഎൽഎ പറഞ്ഞു. വടകര പാക്കയിൽ പ്രദേശത്ത് ഉപ്പ് കലർന്ന കുടിവെള്ള വിതരണ പ്രശ്നം ചർച്ച ചെയ്യാനായി യോഗത്തിൽ പങ്കെടുക്കാത്ത വാട്ടർ അതോറിറ്റി യോഗത്തിലേക്ക് വിളിച്ച് വരുത്തി. കെ കെ രമ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ പി സുരേഷ് ബാബു, ബാബു ഒഞ്ചിയം, പ്രദീപ് ചോമ്പാല, ടി വി ബാലകൃഷ്ണൻ, പുറന്തോടത്ത് സുകുമാരൻ, പി പി രാജൻ, സി കെ കരീം, പി എം മുസ്തഫ, ബാബു പറമ്പത്ത്, എൻ കെ സജിത്ത്, തഹസിൽദാർ കെ ഷിബു എന്നിവർ സംസാരിച്ചു.