കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് സിറ്റി പൊലീസ് പരിധിയിൽ വ്യാഴാഴ്ച മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ഏലൂര്‍, എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. കളമശ്ശേരി ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പുതിയ ആനവാതില്‍ ജങ്ഷനില്‍ വാഹനത്തിൽനിന്ന് ദ്രവ്യരൂപത്തിലുള്ള മാലിന്യം തള്ളിയതിനാണ് അസം സ്വദേശി ഇബ്രാഹിം അലിക്കെതിരെ (25) ഏലൂര്‍ പൊലീസ് കേസെടുത്തത്. ഇയാള്‍ ഓടിച്ചിരുന്ന വാനും പിടിച്ചെടുത്തു.
ഏലൂര്‍ എച്ച്.ഐ.എല്‍ കമ്പനിക്ക് തെക്കുവശം റോഡരികില്‍ പച്ചക്കറി മാലിന്യം തള്ളിയ അസം സ്വദേശികളായ ആകാശ് കലിട്ട (26), അജയ് മൂറ (24), ലോഷന്‍ ബോറ (23) എന്നിവർക്കെതിരെയും കേസെടുത്തു. എബ്രഹാം മാടമാക്കല്‍ റോഡിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരകമന്ദിരത്തിലേക്ക് പോകുന്ന റോഡിനു വടക്കുവശം തുറസായ സ്ഥലത്ത് ആശുപത്രി മാലിന്യം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.