വടകര; ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരുവാട്ടുംതാഴ ജംഗ്ഷനിൽ പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ബസ് ഗതാഗതം നിരോധിച്ചത് പൂർവ സ്ഥിതിയിലാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇതുവഴി ബസ് ഓടിതുടങ്ങും. കഴിഞ്ഞ ഒരുമാസക്കാലമായി ഈ ഭാഗത്തുള്ള കച്ചവടക്കാർക്കും മറ്റും ഗതാഗത നിരോധനം വഴി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ താലൂക്ക് വികസനസമിതിയിൽ സമിതി അംഗം പ്രദീപ് ചോമ്പാല ഇക്കാര്യം ഉന്നയിച്ചിരുന്നു.
തുടർന്ന് പ്രശ്‌ന പരിഹാരത്തിനായി നാഷനൽ ഹൈവേ അതോറിറ്റി, ദേശീയ പാത നിർമാണ കമ്പനി, പൊലിസ് എന്നിവരുമായി സംസാരിച്ചിരുന്നതായി എം.എൽ.എ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച യോഗം വിളിച്ചിട്ടുണ്ടായിരുന്നു. അതിനിടയിലാണ് തിങ്കളാഴ്ച മുതൽ ബസ് ഓട്ടം തുടങ്ങുമെന്ന ഉറപ്പ് ലഭിച്ചത്. കഴിഞ്ഞ ഒരുമാസമായി ഈ വിഷയത്തിൽ സമര രംഗത്തുള്ള ജനകീയ ജാഗ്രതസമിതിയും പ്രദേശത്തെ കച്ചവടക്കാരും ഈ ആവശ്യത്തിനായി പരിശ്രമിച്ചിരുന്നു. വടകര ഡിവൈ.എസ്.പി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, നിർമാണ കമ്പനി മാനേജർ അനിൽകുമാർ എന്നിവർ പ്രശ്‌നപരിഹാരത്തിന് കാര്യക്ഷമമായി ഇടപെട്ടതായും എം.എൽ.എ അറിയിച്ചു