കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച 61 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേരാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
ചികിത്സയിലുള്ള നിപ രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിൽ തുടരുകയാണ്. ഒമ്പത് വയസുള്ള കുട്ടിയുടെ രോഗം ഭേദമായി വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി.
അതേസമയം, നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരിക്കുന്നത് തുടരും. കുറ്റ്യാടി മരുതോങ്കരയിൽ നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിക്കുക.
കഴിഞ്ഞ ദിവസം ഈന്ത്, അടക്ക എന്നിവയും പരിശോധനക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. കേന്ദ്രത്തിൽ നിന്നെത്തിയ വിദഗ്ധ സംഘവും വനം വകുപ്പും പാലോട് കേരള അഗ്രികൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും ജില്ല മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നിരുന്നു.
വളർത്തുമൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വനാതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുള്ളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ വനം വകുപ്പും ജില്ല മൃഗസംരക്ഷണ വകുപ്പും ചേർന്ന് പോസ്റ്റ്മോർട്ടം, സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ശവസംസ്കരണം എന്നിവ നടത്താനും തീരുമാനിച്ചു.