ന്യൂഡൽഹി: പതഞ്ജലിക്കെതിരായ വ്യാജ പരസ്യക്കേസിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പരസ്യങ്ങൾ നൽകരുതെന്ന് കോടതിയുടെ ഉത്തരവുണ്ടായിരുന്നിട്ടും പരസ്യങ്ങൾ എന്തിന് നൽകിയെന്നും സർക്കാർ കണ്ണടച്ചിരിക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു. പതഞ്ജലിയുടെ മരുന്നുകൾ പരസ്യം ചെയ്യുന്നതിന് സുപ്രീം കോടതി വിലക്കും ഏർപ്പെടുത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിയുടെ പരസ്യങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കൃത്യമായ തെളിവുകളില്ലാതെ രോഗങ്ങൾ മാറ്റുമെന്ന അവകാശവാദവുമായാണ് പതഞ്ജലി പരസ്യങ്ങൾ ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ തെറ്റായ അവകാശവാദങ്ങളോ ഉന്നയിക്കരുതെന്നും മരുന്നുകളുടെ പരസ്യം നിർത്തണമെന്നും മുമ്പും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം നടപടി ഉണ്ടായാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവിനെ മറികടന്ന് വീണ്ടും പരസ്യങ്ങൾ ചെയ്യുകയായിരുന്നു പതഞ്ജലി ഗ്രൂപ്പ്. ഉത്തരവ് ലംഘിച്ചതിന് ബാബാ രാംദേവിനും ആചാര്യ ബാൽകൃഷ്ണയ്ക്കും നോട്ടീസയയ്ക്കാനും കോടതി തീരുമാനിച്ചു. സർക്കാർ ഇതിൽ നടപടിയെടുക്കാത്തത് കഷ്ടമാണെന്നും ഉടൻ വിഷയത്തിൽ ഇടപെടണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അസ്ഹാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കോവിഡ് 19 വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ ബാബാ രാംദേവ് പ്രചരണങ്ങൾ നടത്തുന്നുണ്ടെന്ന് കാട്ടി മുമ്പും ഐഎംഎ കേസ് നൽകിയിരുന്നു. അലോപ്പതി/ആധുനിക വൈദ്യശാസ്ത്രവും ആയുർവേദ ഉൽപന്നങ്ങളും തമ്മിലുള്ള സംവാദമായി ഈ വിഷയത്തെ ചുരുക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.