ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച പൈലറ്റുമാരെ നിയോഗിക്കാതിരുന്നതിന് രണ്ട് വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല്കി. എയര്‍ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനുമെതിരെയാണ് നടപടി. CAT-III മാനദണ്ഡമനുസരിച്ചുള്ള പരിശീലനം ലഭിച്ച പൈലറ്റുമാരെ ഈ സമയങ്ങളില്‍ ജോലിക്ക് നിയോഗിക്കാതിരുന്നത് കാരണം നിരവധി സര്‍വീസുകള്‍ വഴിതിരിച്ചു വിടേണ്ടിവന്ന സാഹചര്യത്തിലാണ് നടപടി.
രണ്ട് വിമാന കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ കാര്യം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു. മൂടല്‍മഞ്ഞുപോലെ വ്യക്തമായ കാഴ്ച ഒരുപരിധി വരെ അസാധ്യമാവുന്ന സാഹചര്യങ്ങളില്‍ പോലും CAT III ഇന്‍സ്ട്രുമെന്റ് ലാന്റിങ് സംവിധാനത്തിന്റെ സഹായത്തോടെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്യാനും പറന്നുയരാനും പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ പൈലറ്റുമാരെയാണ് CAT-III പ്രാവീണ്യമുള്ള പൈലറ്റുമാരെന്ന് അറിയപ്പെടുന്നത്. ഇത്തരം പൈലറ്റുമാരെ വിമാനക്കമ്പനികള്‍ ഡ്യൂട്ടിക്ക് നിയോഗിക്കാതിരുന്നത് കാരണം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി സര്‍വീസുകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിടേണ്ടിവന്നു.
ഡിസംബര്‍ 24നും 27നും രാത്രി അന്‍പതിലധികം സര്‍വീസുകള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് മൂടല്‍മഞ്ഞ് കാരണം തിരിച്ചുവിട്ടു. 26ന് ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. 50 മീറ്ററില്‍ കുറഞ്ഞ ദൂരക്കാഴ്ചയെ സീറോ വിസിബിലിറ്റിയായിട്ടാണ് കണക്കാക്കുന്നത്. രാവിലെ 8.30ഓടെ കാഴ്ച 75 മീറ്ററായി വര്‍ദ്ധിച്ചുവെങ്കിലും പിന്നീട് വീണ്ടും 50 മീറ്ററായി കുറഞ്ഞു. പൈലറ്റുമാരുടെ ഡ്യൂട്ടി സംബന്ധിച്ച നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കാനാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഞ്ഞുള്ള സമയങ്ങളിലും ലാന്റിങ് സാധ്യമാവുന്ന CAT III ഇന്‍സ്ട്രുമെന്റ് ലാന്റിങ് സംവിധാനം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ള വിമാനത്താവളത്തില്‍ CAT III പരിശീലനം ലഭിക്കാത്ത പൈലറ്റുമാര്‍ക്ക് മൂടല്‍മഞ്ഞുള്ള സമയത്ത് ലാന്റിങും ടേക്കോഫും നടത്താന്‍ സാധിക്കില്ല.