കോഴിക്കോട് > കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്‌തതിനെതുടർന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് രണ്ടുപേർ മരിക്കുകയും ഒരാൾ സമാന ലക്ഷണങ്ങളോടെ ചികിത്സയിലാവുകയും ചെയ്‌തതിനെ തുടർന്നാണ് ജാഗ്രത.
ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രിയോടെയുമാണ് മരിച്ചത്. മരണപ്പെട്ടവരുടെ സാമ്പിളുകൾ പൂനെയിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. നിപ ബാധയുണ്ടെന്നാണ് സംശയം. ഉന്നതതല യോഗത്തിനായി ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോടെത്തും. രാവിലെ 10.30ന് ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയാറാക്കാനും തീരുമാനിച്ചു.