ജഡ്ജിമാർക്കായി ശൈലീപുസ്തകം; കോടതി ഉത്തരവുകളിലെ സ്ത്രീകളെ കുറിച്ചുള്ള ‘സ്റ്റീരിയോടൈപ്പ്’ പ്രയോഗങ്ങൾ

news image
Aug 16, 2023, 11:29 am GMT+0000 payyolionline.in

ദില്ലി: കോടതി ഉത്തരവുകളിൽ ജഡ്ജിമാർക്ക് സ്ത്രീകൾക്ക് എന്തൊക്കെ വിശേഷണങ്ങൾ നൽകരുതെന്നുള്ള മാർഗനിർദേശവുമായി സുപ്രീംകോടതി. വിധികളിൽ വിശേഷിപ്പിക്കുന്ന ചില സ്ത്രീവിരുദ്ധ സ്റ്റീരിയോടൈപ്പ് പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർക്കായി സുപ്രീംകോടതി ഗൈഡ് പുറത്തിറിക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഗൈഡ് പ്രകാശനം ചെയ്തു.

നിയമ നടപടികളിൽ ലിംഗനീതി ഉറപ്പാക്കാനുള്ള വലിയ ബോധവൽക്കരണ നീക്കത്തിന്റെ ഭാഗമായാണ് സുപ്രീംകോടതി നടപടി.  ലിംഗനീതിക്ക് നിരക്കാത്തതും, എന്നാൽ ഉപയോഗിച്ച് തഴക്കം വന്നതുമായ വാക്കുകളും പ്രയോഗങ്ങളും പട്ടികപ്പെടുത്തി, കോടതി ഉത്തരവുകളിൽ അവ ഉപയോഗിക്കരുതെന്ന് ജഡ്ജിമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ഗൈഡ് ആണ്  സുപ്രീം കോടതി ഇന്ന് പുറത്തിറക്കിയത്.

‘ജെൻഡർ സ്റ്റീരിയോടൈപ്പുടകളെ ചെറുക്കുന്നതിനുള്ള ശൈലീപുസ്തകം’ എന്നാണ് പ്രകാശന വേളയിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇതിനെ വിശേഷിപ്പിച്ചത്.  പുസ്തകത്തിന്റെ പ്രകാശന വേളയിൽ, മുൻകാല കോടതി വിധികളിൽ സ്ത്രീകളെ കുറിച്ച് ഉപയോഗിച്ചിരുന്ന നിന്ദ്യമായ നിരവധി വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു.  കോടതി വിധികളിൽ സ്ത്രീകളെ വിശേഷിപ്പിച്ച ഈ വാക്കുകൾ അനുചിതമാണ്.

എന്നാൽ വിധിന്യായങ്ങളെ വിമർശിക്കുകയോ സംശയിക്കുകയോ അല്ല, ഈ ശൈലീ പുസ്തകത്തിന്റെ ലക്ഷ്യം.  ലിംഗപരമായ സ്റ്റീരിയോടൈപ്പ് പ്രയോഗങ്ങൾ അശ്രദ്ധമായി എങ്ങനെ നിലനിൽക്കുന്നുവെന്ന് അടിവരയിടുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ഈ പ്രയോഗങ്ങൾ നിർവചിക്കുകയും അത് അനുചിതമായ പ്രയോഗമാണെന്ന അവബോധം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പുസ്തകം കൊണ്ട് ലക്ഷ്യമാക്കുന്നത്. സ്ത്രീകളെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് പ്രയോഗങ്ങളും വാക്കുകളും തിരിച്ചറിയാൻ ഇത് ജഡ്ജിമാരെ സഹായിക്കും. കൈപ്പുസ്തകം സുപ്രീംകോടതിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe