ദില്ലി: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്‍റെ പിടിച്ചെടുത്ത ഭൂമിയില്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ച് പാവപ്പെട്ടവര്‍ക്ക് കൈമാറി യുപി സര്‍ക്കാര്‍. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് 76 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറിയത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിച്ച ഫ്ലാറ്റുകൾ നറുക്കെടുപ്പിലൂടെയാണ് ഉപഭോക്താക്കളെ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ് മൗര്യയും ഫ്ലാറ്റുകൾ പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
41 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഓരോ ഫ്‌ളാറ്റിലും രണ്ട് മുറികളും അടുക്കളയും ടോയ്‌ലറ്റും അടങ്ങിയ സൗകര്യമുണ്ട്. 6,000-ത്തിലധികം ആളുകളാണ് ഫ്ലാറ്റുകള്‍ക്കായി പ്രയാഗ്‌രാജ് വികസന അതോറിറ്റിയിൽ അപേക്ഷിച്ചത്. ഇവരില്‍നിന്ന് മുന്‍ഗണനാ പ്രകാരം 1,590 പേരെ കണ്ടെത്തുകയും അതില്‍നിന്ന് നറുക്കെടുക്കുകയുമായിരുന്നു.