കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; മുന്‍ അധ്യാപകനെതിരെ കേസ്

news image
Jun 8, 2023, 11:37 am GMT+0000 payyolionline.in

കോഴിക്കോട്: വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരേ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. സര്‍വകലാശാലയിലെ രണ്ടു ഗവേഷക വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി. ശശിധരനെതിരെയാണ് കേസ്. സര്‍വകലാശാല കാമ്പസിന് സമീപം താമസിക്കുന്ന അധ്യാപകന്‍ ഇയാളുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി.

രണ്ട് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ രണ്ട് എഫ്.ഐ.ആറുകളാണ് ഇയാൾക്കെതിരെയുള്ളത്. മേയ് 11, 19 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. ആറുവര്‍ഷം മുമ്പാണ് അധ്യാപകൻ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചത്. എന്നാൽ പഠന ആവശ്യങ്ങള്‍ക്കായി വിദ്യാർഥികൾ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു. മേയ് 11ാം തീയതി അധ്യാപകന്റെ വീട്ടിലെത്തിയ ഗവേഷക വിദ്യാര്‍ഥിനിയെ മദ്യലഹരിയിലായിരുന്ന ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

മേയ് 19-നാണ് സമാനമായ രണ്ടാമത്തെ പരാതിക്ക് ആസ്പദമായ സംഭവം. ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ രണ്ടാമത്തെ ഗവേഷക വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

പിന്നീട് വകുപ്പ് മേധാവി മുഖേന രജിസ്ട്രാര്‍ക്ക് വിദ്യാർഥികൾ പരാതി നല്‍കി. സര്‍വകലാശാല രജിസ്ട്രാര്‍ കൈമാറിയ പരാതിയില്‍ വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ്കേസെടുക്കുകയായിരുന്നു. ഡോ. ടി. ശശിധരനായി അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാകുമെന്നുമാണ് തേഞ്ഞിപ്പലം പൊലീസ് അറിയിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe