കല്ലുത്താൻകടവ് ഫ്ലാറ്റിന്റെ ബലക്ഷയം; എൻഐടി സംഘം പരിശോധന നടത്തി

news image
Oct 21, 2023, 3:08 pm GMT+0000 payyolionline.in

കോഴിക്കോട്: 4 വർഷം മുൻപ് നിർമിച്ച കല്ലുത്താൻകടവ് ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ചു പരാതി ഉയർന്ന സാഹചര്യത്തിൽ കോഴിക്കോട് എൻഐടി വിദഗ്ധസംഘം സംഘം ഇന്നലെ പരിശോധന നടത്തി. 7 നില കെട്ടിടത്തിൽ കൂടുതലായി പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിലാണു സംഘം പരിശോധിച്ചത്. സീലിങ് അടർന്നു വീണതിന്റെ സാംപിൾ പരിശോധനയ്ക്ക് എടുത്തു. കോർപറേഷൻ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരുമായി കോർപറേഷൻ ഓഫിസിൽ ചർച്ച നടത്തി രേഖകൾ പരിശോധിച്ചു. റിപ്പോർട്ട് 10 ദിവസത്തിനകം കോർപറേഷനു കൈമാറും.

എൻഐടി സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ ടി.എം.മാധവൻപിള്ള, എ.എസ്.സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ഏഴാം നിലയിലെ 6 ഫ്ലാറ്റുകളിലാണ് അകത്തു സീലിങ് അടർന്നു വീണത്. ചുമരിലെ വിള്ളൽ, പൂപ്പൽ, വെള്ളം ഒലിച്ചിറങ്ങൽ, ചുമരിൽ നിന്നു സിമന്റ് അടർന്നു വീഴുന്നതെല്ലാം സംഘം പരിശോധിച്ചു. ഫ്ലാറ്റിലെ താമസക്കാരുമായി സംസാരിച്ചു.

നാലാം നിലയിലും മൂന്നാം നിലയിലും 6 ഫ്ലാറ്റുകൾക്കുള്ളിലും സംഘം പരിശോധിച്ചു. ഏഴാം നിലയിൽ പലയിടത്തും ബീമും സ്ലാബും ചേരുന്നിടം പൊട്ടിയിട്ടുണ്ട്. അമിത ചൂടു കൊണ്ടും ഇത്തരത്തിൽ സംഭവിക്കാമെന്നു സംഘം നിരീക്ഷിച്ചു. ഫ്ലാറ്റിനു അടിഭാഗത്തെ ചില തൂണുകളുടെ സിമന്റ് അടർന്നു വീണു കമ്പി പുറത്തായിട്ടുണ്ട്. ചില ഇടങ്ങളിൽ തുരുമ്പ് കയറിയ നിലയിലാണ്. ഫ്ലാറ്റിലെ ശോച്യാവസ്ഥക്കെതിരെ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ 15 ദിവസത്തിനകം ഇതു സംബന്ധിച്ചു വിശദീകരണം നൽകാൻ കോർപറേഷൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe