കനത്ത മഴ; ഒമാനില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

news image
Feb 29, 2024, 11:21 am GMT+0000 payyolionline.in

മസ്കറ്റ്: ഒമാനില്‍ കനത്ത മഴ മൂലമുണ്ടായ വെള്ളപ്പാച്ചിലില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ അല്‍ റയ്ബ പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.

ഇബ്രിയിലെ വാദിയില്‍ അകപ്പെട്ടാണ് കുട്ടികള്‍ മുങ്ങി മരിച്ചത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുകയാണ്. വെള്ളപ്പാച്ചിലിന് സാധ്യത ഉള്ളതിനാൽ അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒമാനിൽ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ അസാധാരണമായ അടിയന്തര സാഹചര്യങ്ങൾ ഒഴികെ, മഴയുള്ള കാലാവസ്ഥയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് പൊലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാനില്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച് ഒന്നു വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നു. രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും കനത്ത മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. താപനിലയില്‍ വലിയ മാറ്റമുണ്ടാകും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ബുധനാഴ്ച അഞ്ച് മുതല്‍ 15 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

 

തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, ദാഹിറ ഗവര്‍ണറേറ്റുകളില്‍ തെക്കു കിഴക്കന്‍ കാറ്റ് വീശും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ എന്നിവിടങ്ങളില്‍ 10 മുതല്‍ 40 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. വാദികള്‍ നിറഞ്ഞൊഴുകുമെന്നും കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുസന്ദം ഗവര്‍ണറേറ്റിന്‍റെ പടിഞ്ഞാറന്‍ തീരങ്ങളിലും ഒമാന്‍ കടലിന്‍റെ തീരങ്ങളിലും തിരമാലകള്‍ രണ്ട് മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe