കണ്ണൂര്‍: എ.ഐ കാമറയെ കൊച്ചാക്കിയ ബൈക്ക് യാത്രക്കാരനായ യുവാവിന് കിട്ടിയത് മുക്കാൽ ലക്ഷത്തിലേറെ പിഴ. ഹെൽമറ്റ് ഇല്ലാത്തതിനും മൂന്നുപേരെ കയറ്റിയതിനുമായി 155 തവണ കാമറയിൽ കുടുങ്ങിയ യുവാവിന് പിഴ ലഭിച്ചത് 86,500 രൂപയാണ്. ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
കണ്ണൂർ മാട്ടൂലിലാണ് കാമറയെ ചെറുതായിക്കണ്ട യുവാവിന് വലിയ പണികിട്ടിയത്. മൂന്നു മാസത്തിനിടെയാണ് ഇത്രയുമധികം നിയമലംഘനം നടത്തിയത്. നിയമലംഘനം നടത്തിയതിനുപുറമെ എ.ഐ കാമറ നോക്കി കൊഞ്ഞനംകുത്തിയതായും പരിഹസിക്കുകയും ചെയ്തതായും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പല തവണ മൊബൈൽ ഫോണിൽ സന്ദേശം അയച്ചിട്ടും പ്രതികരണമുണ്ടായില്ല. കത്തയച്ചിട്ടും പിഴ അടച്ചില്ല.
ഇതൊന്നും അറിഞ്ഞ ഭാവം നടിക്കാതെ നിയമലംഘനം തുടർന്നു. ഒടുവിൽ എം.വി.ഡി ഇയാളെ തേടി ചെറുകുന്നിലെ വീട്ടിൽ ചെന്നെങ്കിലും കണ്ടില്ല. തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടുമെത്തിയപ്പോൾ മുങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 86,500 രൂപയുടെ നോട്ടീസ് നേരിൽ കണ്ടപ്പോഴാണ് ഇയാൾക്ക് പ്രശ്നത്തിന്റെ ഗൗരവം ബോധ്യമായത്. പിന്നീട് എം.വി.ഡി ഓഫിസിലെത്തി കരച്ചിലും പിഴിച്ചിലുമായെങ്കിലും ഉദ്യോഗസ്ഥർ കൈമലർത്തി.
തന്റെ 2019 മോഡൽ ബൈക്ക് വിറ്റാൽ പോലും ഇത്രയും തുക കിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്. എ.ഐ കാമറകൾ സ്ഥാപിച്ച ശേഷം വലിയ തുക പിഴകിട്ടിയ പലരുമുണ്ടെങ്കിലും ഇത്ര വലിയ സംഖ്യ അപൂർവമായിരിക്കും.