കൊച്ചി:അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി നടൻ വിനായകൻ. തനിക്കെതിരെ കേസ് വേണമെന്നാണ് വിനായകൻറെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ ചാണ്ടി ഉമ്മൻ വിനായകനെതിരെ കേസ് പാടില്ലെന്ന് പറഞ്ഞിരുന്നു. ചാനലിന് നൽകിയ ബൈറ്റിൻറെ സ്‌ക്രീൻ ഷോട്ട് അടക്കം വെച്ചാണ് വിനായകൻറെ പോസ്റ്റ്.
ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകൻ ഫെയ്സ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചത്. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിട്ടുള്ളത്.
ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ കലൂരിലെ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ തകർത്തുവെന്നും കാണിച്ച് വിനായകനും പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.