ലേഡി സൂപ്പർസ്റ്റാർ നയൻതാരക്കെതിരെയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനെതിരെയും രൂക്ഷ വിമർശനവുമായി നടൻ ധനുഷ്. നടിക്കെതിരെ നൽകിയ സിവിൽ കേസിൽ കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിലാണ് ദമ്പതികൾക്കെതിരെ ധനുഷ് വിമർശനം ഉന്നയിച്ചത്. ‘നാനും റൗഡി താൻ എന്ന സിനിമക്കിടെ ആരംഭിച്ച നയൻസ്-വിഘ്നേഷ് പ്രണയം സിനിമയുടെ ചിത്രികരണത്തെ ബാധിച്ചു എന്നാണ് ധനുഷ് പറഞ്ഞത്.
ഒട്ടും പ്രൊഫഷണൽ അല്ലാതെയാണ് ഇരുവരും പെരുമാറിയതെന്നും സെറ്റിൽ വൈകിയെത്തുന്നത് പതിവായിരുന്നുവെന്നും ധനുഷ് പറയുന്നുണ്ട്. നാല് കോടി ബജറ്റിൽ ചിത്രീകരണം ആരംഭിച്ച നാനും റൗഡി താൻ അവസാനിച്ചപ്പോൾ ബഡ്ജറ്റ് നിശ്ചയിച്ച സ്ഥല്ലത്ത് നിന്നില്ല. നയൻതാരയും വിഘ്നേഷും പ്രണയത്തിലായതോടെ ഇരുവരും സെറ്റിലേക്ക് വൈകി വരുന്നത് പതിവായി. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ പലവട്ടമാണ് ചിത്രീകരിച്ചത്. സെറ്റിലെ മറ്റെല്ലാവരെയും വിഘ്‌നേഷ് അവഗണിച്ചു. ഒട്ടും പ്രഫഷണൽ അല്ലാത്ത രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. ഇവർ കാരണം നിശ്ചയിച്ച ബജറ്റിൽ ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചില്ല. മാത്രമല്ല ഷൂട്ടിങ്ങും നീണ്ടുപോയി എന്നൊക്കെയാണ് ധനുഷ് സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്ന വിമർശനങ്ങൾ.
ധനുഷിന്‍റെ നിർമാണക്കമ്പനി വണ്ടര്‍ബാര്‍ ഡയറക്ടറെ ഫോണിൽ വിളിച്ച് നാനും റൗഡി താൻ സിനിമയുടെ ദൃശ്യങ്ങൾ വിട്ടുനൽകണമെന്ന് വിഘ്‌നേഷ് ആവശ്യപ്പെട്ടതായും എന്നാൽ ധനുഷ് അറിയാതെ നടക്കില്ലെന്ന് പറഞ്ഞതോടെ വിഘ്നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ് സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേർത്തു.
നയൻതാരയെ പ്രധാന കഥാപാത്രമാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ നിലനിൽക്കുന്നത്. ഈ സിനിമയുടെ നിർമിച്ച ധനുഷാണ്. നയൻതാരയുടെ ജീവിതം പറഞ്ഞ ഡോക്യു ഫിലിമിൽ ചിത്രത്തിലെ അണിയറ ദൃശ്യങ്ങൾ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നാരോപിച്ച് നടൻ കോടതിയെ സമീപിച്ചിരുന്നു. ധനുഷ് നല്‍കിയ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്‌സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.