അഭിമാന നിമിഷം: രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

news image
Jan 12, 2024, 11:41 am GMT+0000 payyolionline.in

മുംബൈ∙ മുംബൈ നഗരത്തിന്റെ വികസനകുതിപ്പിന് പാതയൊരുക്കി കടൽപാലം ശിവ്‌രി– നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുംബൈ രാജ്യാന്തര എയർപോർട്ട്, നവി മുംബൈ രാജ്യാന്തര എയർപോർട്ട് എന്നിവടങ്ങളിലേക്കു വേഗത്തിൽ ഇനിമുതൽ യാത്ര സാധ്യമാകും. മുംബൈയിൽനിന്നു ദക്ഷിണേന്ത്യയിലേക്കും പുണെ, ഗോവയിലേക്കുമുള്ള യാത്രാ സമയവും ഇനി കുറയും. 22 കിലോമീറ്റർ നീളമുള്ള പാലത്തിനു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയുടെ സ്മരണാർഥം അടൽ സേതു എന്നാണു പേരിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളമേറിയ ഈ പാലം 17,843 കോടി രൂപ ചെലവിലാണു നിർമിച്ചിരിക്കുന്നത്.

മുംബൈയ്ക്കും നവിമുംബൈയ്ക്കുമിടയിലുള്ള യാത്രാസമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയ്ക്കുമെന്നതാണു നേട്ടം. ഒപ്പം, നവിമുംബൈയുടെ ഒരു ഭാഗം ഉൾപ്പെടുന്ന റായ്ഗഡ് ജില്ലയിലെ വികസനക്കുതിപ്പിന് വഴി തുറക്കുകയും ചെയ്യും. 2016ൽ പ്രധാനമന്ത്രി നരേന്ദമോദിയാണു കടൽപാലത്തിന്റെ തറക്കല്ലിട്ടത്. ശിവ്‌രി–നാവസേവ കടൽപാലത്തിന്റെ രണ്ട് അറ്റങ്ങളിലും നിന്ന് നഗരത്തിന്റെ മറ്റു മേഖലകളെ ബന്ധിപ്പിക്കുന്ന മൂന്നു ഉപപാതകൾ കൂടി വരും വർഷങ്ങളിൽ യാഥാർഥ്യമാകും. അതോടെ ട്രാൻസ്ഹാർബർ ലിങ്കിൽ വാഹനത്തിരക്ക് പല മടങ്ങായി വർധിക്കും.

ട്രാൻസ്ഹാർബർ ലിങ്ക് മുംബൈ നഗരത്തിൽ നിന്ന് ആരംഭിക്കുന്ന ശിവ്‌രിയിൽ നിന്നു വർളിയിലേക്കുള്ള എലിവേറ്റഡ് പാതയാണ് ഇതിലൊന്ന്. 4.25 കിലോമീറ്റർ നീളമുള്ള പാത പൂർത്തിയായാൽ വർളി, ബാന്ദ്ര, ദാദർ മേഖലയിൽ നിന്ന് ഏതാനും മിനിറ്റുകൾക്കൊണ്ട് കടൽപാലത്തിലെത്താം.

നാവസേവയിൽ ട്രാൻസ്ഹാർബർ ലിങ്ക് അവസാനിക്കുന്ന മേഖലയിൽ നിന്നു 6.5 കിലോമീറ്റർ പാത നിർമിച്ച് കടൽപാലത്തെ പുണെ എക്സ്പ്രസ് വേയുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള പദ്ധതി സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ പാത യാഥാർഥ്യമായാൽ മുംബൈ– പുണെ യാത്ര ഏറെ എളുപ്പമാകും.

ഇതോടൊപ്പം, നവിമുംബൈയിൽ നിർദിഷ്ട വിമാനത്തവളത്തിലേക്കു ട്രാൻസ്ഹാർബർ ലിങ്കിനെ ബന്ധിപ്പിക്കാനുള്ള 5.8 കിലോമീറ്റർ ഉൾവെ തീരദേശ റോഡിന്റെ നിർമാണവും തുടങ്ങാനിരിക്കുകയാണ്. ഇതു പൂർത്തിയായാൽ മുംബൈ, പുണെ ദിശകളിൽ നിന്ന് നവിമുംബൈ വിമാനത്താളത്തിലേക്കുള്ള യാത്ര സുഗമമാകും.

വികസനക്കുതിപ്പിന്റെ പാലം 

മഹാനഗരത്തിന്റെ വികസനക്കുതിപ്പിലേക്കുള്ള പാലമാണ് ഇന്ന് തുറന്നത്. ജനത്തിരക്ക് ഏറുകയും വികസനപദ്ധതികൾക്ക് ഇടമില്ലാതെ വരികയും ചെയ്തപ്പോൾ വാശി കടലിനു കുറുകെ 1997ൽ നിർമിച്ച പാലമാണ് നവിമുംബൈയുടെ വളർച്ചയ്ക്കു വഴിയൊരുക്കിയത്. ഇപ്പോൾ, വാശി പാലത്തിൽ നിന്നു കാണാവുന്ന ദൂരത്തിൽ ശിവ്‌രി–നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് തുറക്കുമ്പോൾ, മൂന്നാം മുംബൈ എന്ന പുതിയ നഗരമേഖലയുടെ പിറവിയിലേക്കാണ് അതു നയിക്കുന്നത്. പൻവേൽ, ഉൾവെ, ഉറൻ, പെൺ, കർജത് മേഖലകൾ കേന്ദ്രീകരിച്ച് 334 ചതുരശ്ര കിലോമീറ്റർ വലുപ്പത്തിലാണ് മൂന്നാം മുംബൈ ആസൂത്രണം ചെയ്യുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ, വരാനിരിക്കുന്ന കാലത്തിന്റെ അഭിരുചികൾ ഉൾക്കൊണ്ടുള്ള നഗരവികസനമാണ് ആസൂത്രണം ചെയ്യുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe