ചെന്നൈ> ചതുരംഗക്കളത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഡി ഗുകേഷിന് തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്റെ സോഷ്യൽ മീഡിയിലൂടെയാണ് ഇക്കാര്യമാറിയിച്ചത്. ഗുകേഷിന്റെ ചരിത്രവിജയം രാജ്യത്തിന് അഭിമാനവും സന്തോഷവും നൽകിയെന്നും ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനെ തോൽപ്പിച്ചാണ് ലോകചെസ് ചാമ്പ്യനാകുന്ന ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനെന്ന ബഹുമതി ഗുകേഷ് സ്വന്തമാക്കിയത്. ചാമ്പ്യൻഷിപ്പിലുടനീളം പ്രതിരോധക്കോട്ട കെട്ടിയ ഡിങ്ങിന് നിർണായക കളിയിൽ പറ്റിയ പിഴവിൽനിന്നാണ് ചെന്നൈ സ്വദേശി ദൊമ്മരാജു ഗുകേഷ് വിജയം പിടിച്ചത്.
ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാമ്പ്യനെന്ന ബഹുമതി ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ പേരിലായിരുന്നു. 1985ൽ അദ്ദേഹം ജേതാവാകുമ്പോൾ പ്രായം 22 വർഷവും ആറ് മാസവും 27 ദിവസവും. ഈ റെക്കോഡാണ് മറികടന്നത്. ലോക ചാമ്പ്യനെ നേരിടാനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിച്ച പ്രായംകുറഞ്ഞ കളിക്കാരനും ഗുകേഷായിരുന്നു.
ആന്ധ്രയിൽനിന്ന് തമിഴ്നാട്ടിലെത്തിയവരാണ് ഗുകേഷിന്റെ കുടുംബം. 2006 മെയ് 29നാണ് ജനനം. അച്ഛൻ രജനീകാന്ത് ഇഎൻടി സർജനാണ്. അമ്മ പത്മ മൈക്രോബയോളജിസ്റ്റും. ജോലി രാജിവച്ചാണ് രജനീകാന്ത് മകന്റെ ചെസ് സ്വപ്നങ്ങൾക്ക് പിന്തുണ നൽകിയത്.